എകെഡിഎ വയനാട് ജില്ലാ ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു
കൽപ്പറ്റ: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എ കെ ഡി എ) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗ്രീൻ ഗേറ്റിൽ സംഘടിപ്പിച്ച ജില്ലാ ജനറൽ ബോഡി യോഗം, എസ്.എസ്.എൽ.സി / പ്ലസ് ടു ഉന്നതവിജയികളെ ആദരിക്കൽ, കുടുംബസംഗമം എന്നിവ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വൻ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ച ഈ പരിപാടി സംഘടനാ കരുത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ നേർക്കാഴ്ചയായി മാറി.
ചലച്ചിത്ര താരം സണ്ണി വെയ്ൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി പി.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് പി സ്വാഗതമാശംസിച്ചു. തുടർന്ന് എകെഡിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസൻ എ.പി മുഖ്യപ്രഭാഷണം നടത്തി.
വിതരണ മേഖലയിലെ സമകാലിക വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് ‘വിതരണ ബിസിനസും സംഘടനയുടെ പ്രാധാന്യവും’ (ഡിസ്ട്രിബൂഷൻ ബിസിനസ് ആൻഡ് ഇമ്പോർട്ടൻസ് ഓഫ് ഓർഗനൈസഷൻ ) എന്ന വിഷയത്തിൽ മാനന്തവാടി യൂണിറ്റ് പ്രസിഡന്റ് ഫൗലാദ് എൻ.എ, വയനാട് ജില്ലാ ട്രഷറർ മനു ഗോപാൽ എന്നിവർ ചേർന്ന് ബോധവൽക്കരണ ക്ലാസ് നയിച്ചു. വൈത്തിരി യൂണിറ്റ് പ്രസിഡന്റ് വേണുഗോപാൽ കീഴാശ്ശേരി, ബത്തേരി യൂണിറ്റ് പ്രസിഡന്റ് മജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈത്തിരി യൂണിറ്റ് സെക്രട്ടറി ഫൈസൽ പപ്പിന കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് നടന്ന ചടങ്ങിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. സായാഹ്നത്തിൽ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. വ്യാപാര മേഖലയിലെ തിരക്കുകൾക്കിടയിലും ഒത്തൊരുമയോടെ ഒരു കുടുംബം പോലെ ഒത്തുചേരാനും, വിജ്ഞാനവും വിനോദവും പങ്കുവെക്കാനും അവസരമൊരുക്കിയ എകെഡിഎ വയനാട് ജില്ലാ കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും, പരിപാടിയിൽ സജീവമായി പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.




Leave a Reply