October 13, 2026

വയനാട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ പ്രതിസന്ധി: ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

0
IMG-20261013-WA0144
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ വയനാട് ജില്ലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമായ വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും കാർഡിയോളജി പ്രൊഫസർ തസ്തിക പിൻവലിച്ച നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങൾ താളംതെറ്റുന്നത് രോഗികളെയും കുടുംബങ്ങളെയും വലിയ ആശങ്കയിലാക്കുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഗുരുതരമായ ഹൃദ്രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ആശുപത്രിയിൽ നിലനിർത്തേണ്ടത് അനിവാര്യമാണ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്ന ആദിവാസി സമൂഹം ഉൾപ്പെടെയുള്ളവരുടെ ചികിത്സാവകാശം സംരക്ഷിക്കുന്നതിനും മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മാർച്ച് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൻ, ജംഷീർ, അർജുൻ, ബബീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധികൾ പരിഹരിച്ച് ആവശ്യമായ വിദഗ്‌ധ ഡോക്ട‌ർമാരെയും സൗകര്യങ്ങളെയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഈ പ്രതിഷേധം, ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *