നഷ്ടമായത് കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെ: സിപിഐ എം
മാനന്തവാടി: പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. അന്യംനിന്നുപോകുന്ന പരമ്പരാഗത നെൽവിത്തുകളെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിച്ച ചെറുവയൽ രാമന്റെ വിയോഗത്തിലൂടെ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെയാണ് നഷ്ടമായത്. മണ്ണിനോടും പ്രകൃതിയോടും ചേർന്നുനിന്ന അദ്ദേഹത്തിന്റെ ജീവിതം മഹത്തായ മാതൃകയാണ്. വരുംതലമുറയ്ക്കായി അദ്ദേഹം കരുതിവച്ച കാർഷിക അറിവുകളിലൂടെ ചെറുവയൽ രാമന്റെ യഥാർഥ മൂല്യം നിലനിൽക്കും.
ദീർഘകാലം സിപിഐ എം എടവക ലോക്കൽ കമ്മിറ്റിയംഗം, എടവക പഞ്ചായത്ത് അംഗം, കർഷകസംഘം വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനപക്ഷ രാഷ്ട്രീയം എക്കാലവും ഉയർത്തിപിടിച്ചു. കർഷകപ്രസ്ഥാനത്തിലും പൊതുപ്രവർത്തനരംഗത്തും സജീവമായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നപ്പോഴും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. ചെറുവയൽ രാമന്റെ വിയോഗം വയനാടിന്റെ കാർഷിക-സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.




Leave a Reply