പ്രിയദർശിനി ടിക്കറ്റ് വിവാദം: നിരപരാധിയെന്ന് സസ്പെൻഷനിലായ കണ്ടക്ടർ കെ.എസ്.ആർ.ടി.സി. എം.ഡിക്ക് പരാതി നൽകി
മാനന്തവാടി: പുരുഷ യാത്രക്കാരനു പ്രിയദർശിനി ഫ്രീ ട്രാവൽ ടിക്കറ്റ് നൽകിയെന്നാരോപിച്ച് സസ്പെൻഷനിലായ കണ്ടക്ടർ എ.വി. മാത്യു കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്ക് പരാതി നൽകി. സെപ്റ്റംബർ 28-ന് തോല്പെട്ടിയിൽനിന്നു മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിൽ വെച്ചാണ് സംഭവം. ഇരുമ്പുപാലത്തുനിന്നു കാട്ടിക്കുളത്തേക്ക് കയറിയ പുരുഷ യാത്രക്കാരനിൽനിന്നു പണം വാങ്ങിയ ശേഷം സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ് നൽകി കബളിപ്പിച്ചെന്നാരോപിച്ചായിരുന്നു സസ്പെൻഷൻ. നൂറിലധികം യാത്രക്കാരുണ്ടായിരുന്ന ബസ്സിൽ ടിക്കറ്റ് പരസ്പരം കൈമാറുമ്പോൾ സംഭവിച്ച പിശകാവാനാണ് സാധ്യതയെന്നും രണ്ടരപ്പതിറ്റാണ്ടായി സത്യസന്ധമായി ജോലി ചെയ്യുന്ന തന്നെ കള്ളനാക്കാൻ വയനാട് സി.എം.ഡി. സ്ക്വാഡ് ഇൻസ്പെക്ടർ ശ്രമിക്കുകയായിരുന്നുവെന്നും മാത്യു പരാതിയിൽ വ്യക്തമാക്കി. ഹൃദ്രോഗിയായ തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഇൻസ്പെക്ടർ തയ്യാറായില്ലെന്നും, സഹോദരനായ മറ്റൊരു കണ്ടക്ടർക്കെതിരേയും ഇതേ ഇൻസ്പെക്ടർ വ്യാജ റിപ്പോർട്ട് നൽകി സസ്പെൻഡ് ചെയ്യിച്ചിട്ടുണ്ടെന്നും മാത്യു ആരോപിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.




Leave a Reply