October 18, 2026

വയനാട് ജില്ലാ എൻഎസ്എസ് കോർഡിനേറ്ററായി ശ്രീജിത്ത് എസ്.ആർ

0
WhatsApp Image 2026-10-18 at 10.20.54 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വയനാട് ജില്ലാ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) കോർഡിനേറ്ററായി ശ്രീജിത്ത് എസ്.ആറിനെ നിയമിച്ചു. ഒൻപത് വർഷമായി എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്ന ഇദ്ദേഹം പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും കരണി സ്വദേശിയുമാണ്.

2023–24 വർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്കാരം ശ്രീജിത്തിന് ലഭിച്ചിരുന്നു. ആറുമാസം കൊണ്ട് സ്കൂളിലെ നിർധന വിദ്യാർഥിക്ക് എൻഎസ്എസ് വളന്റിയർമാരുടെ സഹകരണത്തോടെ സ്നേഹഭവനം നിർമിച്ചുനൽകിയതും ശ്രദ്ധേയമായ പ്രവർത്തനമാണ്.

കൃഷിയോടുള്ള താൽപര്യം വിദ്യാർഥികളിലേക്കും പകരുന്ന ശ്രീജിത്ത്, എൻഎസ്എസിന്റെ ഹരിതം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം രണ്ട് ഏക്കറോളം സ്ഥലത്ത് നെൽകൃഷി ഇറക്കുന്നതിന് നേതൃത്വം നൽകി. കൃഷിമന്ത്രി ടി. സിദ്ദിഖാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂളിന് സമീപം ഒരേക്കറോളം സ്ഥലത്ത് കപ്പക്കൃഷി നടത്തുകയും പുൽപ്പള്ളിയിലെ യുവകർഷകൻ സൂര്യനൊപ്പം ചേർന്ന് ചെണ്ടുമല്ലിക്കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ ശ്രീജിത്തിനെ സംസ്ഥാനതലത്തിൽ ശ്രദ്ധേയനാക്കി.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സായാഹ്ന പഠനപിന്തുണ ക്ലാസുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കേരളത്തിലെ അക്ഷരത്തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനും പയ്യമ്പള്ളി സ്കൂൾ വേദിയായി.

വിദ്യാർഥികളുടെ സാമൂഹിക ഇടപെടൽ, സേവനപ്രവർത്തനങ്ങൾ, കൃഷി, വിദ്യാഭ്യാസ പിന്തുണ എന്നിവയിൽ നടത്തിയ മാതൃകാപരമായ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ നിയമനത്തെ വിലയിരുത്തുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *