എഫ്.സി.ഐക്കെതിരായ വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണം: എംപ്ലോയീസ് അസോസിയേഷൻ
കൽപ്പറ്റ: ആലപ്പുഴയിൽ അരി ചാക്കുകൾ അനധികൃതമായി കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളെയും ജീവനക്കാരെയും ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് എഫ്.സി.ഐ എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. അരിച്ചാക്കുകൾ ലോറിയിൽ കടത്തിക്കൊണ്ടുപോയി മറ്റൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റിയ സംഭവത്തിന് എഫ്.സി.ഐ ഗോഡൗണുകളുമായോ ജീവനക്കാരുമായോ യാതൊരു ബന്ധവുമില്ലെന്നും, ഇത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഗോഡൗണുകളുമായോ വിതരണ ശൃംഖലയുമായോ ബന്ധപ്പെട്ടതാകാമെന്നും സംഘടന അറിയിച്ചു.
വസ്തുതകൾ പരിശോധിക്കാതെ എഫ്.സി.ഐയുടെ പേര് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കാനേ സഹായിക്കൂ എന്ന് ചൂണ്ടിക്കാട്ടിയ അസോസിയേഷൻ, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ ശക്തമായി അപലപിച്ചു. വാർത്തകൾ നൽകുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും തെറ്റിദ്ധാരണാജനകമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾ അടിയന്തരമായി തിരുത്തലുകൾ വരുത്തണമെന്നും ആവശ്യപ്പെട്ട അസോസിയേഷൻ, സ്ഥാപനത്തിന്റെ വിശ്വാസ്യതയും ജീവനക്കാരുടെ ആത്മാഭിമാനവും സംരക്ഷിക്കാൻ ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനം ഉറപ്പാക്കണമെന്ന് റീജിയണൽ സെക്രട്ടറി ബേസിൽ വി. ജോസ് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.




Leave a Reply