ബത്തേരിയിൽ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പുതുജീവിതത്തിന് തുടക്കം; ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ തിളങ്ങാൻ ഒരുങ്ങി
ബത്തേരി: ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി’ പദ്ധതിയുടെ ഭാഗമായി നടന്ന നൈപുണ്യ പരിശീലനം പട്ടികവർഗ വിദ്യാർഥികളുടെ ജീവിതത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുന്നു. ഫ്ലവർ മേക്കിങ്, ഫാബ്രിക് പെയിന്റിങ്, വെജിറ്റബിൾ പ്രിന്റിങ് തുടങ്ങിയ വിവിധ കരകൗശല വിദ്യകളിൽ പരിശീലനം നേടിയ 26 വിദ്യാർത്ഥികൾ ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , ഷാമില ജുനൈസ് എന്നിവർ വിദ്യാർത്ഥികളെ സന്ദർശിച്ച് അവർക്ക് വിജയാശംസകൾ നേർന്നു. 30 മണിക്കൂർ നീണ്ട പരിശീലനം കൊണ്ട് വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും സ്വയംപര്യാപ്തതയും വളർത്തുകയായിരുന്നു ലക്ഷ്യം.
ഈ പദ്ധതിയിലൂടെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും സമൂഹത്തിൽ ഒരു ഉയർന്ന നിലവാരം നേടാനും കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ. പരിശീലനത്തിന് ജിസോ മോൾ നേതൃത്വം നൽകി . നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ , എച് എം ജിജി ജേക്കബ് എന്നിവർ സംബന്ധിച്ചു





Leave a Reply