പൈപ്പ് ലൈൻ പ്രവൃത്തി മന്ദഗതിയിൽ ; ശുദ്ധജല പ്രശ്നം രൂക്ഷം
പുൽപള്ളി : കബനി കുടിവെള്ളപദ്ധതി നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് ലൈൻ നിർമാണ ജോലികൾ നീളുന്നത് നാട്ടിലെ ശുദ്ധജല പ്രശ്നം രൂക്ഷമാക്കുന്നു. പാടിച്ചിറയിൽ നിന്നു മരക്കടവിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ നിർമാണവും പഴയ പൈപ്പ് മാറ്റുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്. പ്രതീക്ഷിച്ച വേഗത്തിൽ ജോലികൾ പൂർത്തീകരിക്കാനായിട്ടില്ല. അതിനാൽ പമ്പിങ്ങും ജലവിതരണം മുൻകൂട്ടി അറിയിച്ചതനുസരിച്ച് നടത്താനുമായിട്ടില്ല. മഴ പെയ്യാതാവുകയും ചൂടു കൂടുകയും ചെയ്തതിനു പിന്നാലെ ജലവിതരണവും മുടങ്ങിയത് ജനത്തെ ശരിക്കുംവലയ്ക്കുകയാണ്.
വാടക വീടുകളിലും മറ്റും താമസിക്കുന്നവർ വൻതുക മുടക്കിയാണ് ടാങ്കുകളിൽ വെള്ളമെത്തിക്കുന്നത്. അങ്ങാടികളിലെ പെട്ടിക്കടകൾ, ഹോട്ടലുകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും വിലകൊടുത്ത് വെള്ളമെത്തിക്കുന്നു. വ്യാപാര കേന്ദ്രങ്ങളിലെ ശുചിമുറികളും മറ്റും ജലക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടി. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഡസൻകണക്കിന് കോളനികളിലും വീടുകളിലും വെള്ളമില്ല.പ്രദേശത്ത് മഴപെയ്തിട്ട് ഒരുമാസത്തിലേറെയായിവേനൽ ശക്തമായതോടെ ചെടികൾ വാടിക്കരിയുകയും മണ്ണ് പാറപോലെ ഉറയ്ക്കുകയും ചെയ്തു. ജലജീവൻ മിഷൻ പദ്ധതിയിൽ മരക്കടവിൽ പമ്പുഹൗസ് നിർമാണം പൂർത്തിയാക്കി. ഇവിടെ നിന്നുള്ള പൈപ്പ് ലൈനുകൾ കബനിഗിരിയിലെ ശുദ്ധീകരണ ശാലയിലെത്തും. ശുദ്ധീകരിച്ച ജലം പാടിച്ചിറ, പുൽപള്ളി സംഭരണികളിലെത്തിക്കാനും പുതിയ പൈപ്പുലൈനുകൾ സ്ഥാപിച്ചു. ഇതിൽ പാടിച്ചിറയിലാണ് ഇപ്പോൾ നവീകരണം നടക്കുന്നത്.





Leave a Reply