പേരിയ ചുരം റോഡ് തുറന്നു കൊടുത്തു
പേരിയ: കനത്ത മഴയിൽ റോഡിൽ വിള്ളലുണ്ടായതിനെത്തുടർന്ന് നാലര മാസത്തോളം പൂർണ്ണമായും അടഞ്ഞുകിടന്ന പേരിയ-തലശേരി – ബാവലി അന്തർ സംസ്ഥാന പാതയിലെ പേരിയ ചുരം റോഡിന്റെ പുനർനിർമാണം ഭാഗികമായി പൂർത്തിയാക്കി ഇന്ന് ഗതാഗത്തിനായി തുറന്നുകൊടുത്തു. ഇതോടെ പേരിയ- നെടുംപൊയിൽ റോഡിലൂടെ യാത്ര ചെയ്യുന്ന കണ്ണൂർ – വയനാട് ജില്ലകളിലെ യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് അവസാനമായി. ഡിസംബർ 15 മുതൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും ഇടയ്ക്ക് മഴ പെയ്‌തതോടെ വൈകുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറുവാഹനങ്ങളെയാണ് കടത്തിവിടുകയെന്നും തുടർന്ന് ബസുംകളും കടത്തിവിടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം പിന്നീടായിരിക്കും അനുവദിക്കുക.
വിള്ളലുണ്ടായ മുഴുവൻ ഭാഗത്തേയും മണ്ണ് നീക്കി 10 മീറ്ററോളം താഴ്ത്തി ബലമുള്ള അടിത്തറയൊരുക്കി റോഡ് പുതുക്കിപ്പണിയുകയായിരുന്നു. 10 മീറ്ററോളം ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ചുരത്തിലെ വളവുകളിൽ ഇൻ്റർലോക്ക് ചെയ്യുന്ന പണികളും നടത്തിയിട്ടുണ്ട്. വൈകാതെ ചന്ദനത്തോട് മുതൽ നെടുംപൊയിൽ വരെ 12 കിലോ മീറ്റർ ദൂരം പൂർണമായും റീ ടാറിംഗ് നടത്തും. അതോടൊപ്പമായിരിക്കും തകർന്ന ഭാഗത്തെ ടാറിംഗും നടത്തുക.
ജൂലായ് 30 നാണ് കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ സുപ്രധാന പാതയായ തലശ്ശേരി-ബാവലി സംസ്ഥാനാന്തര പാതയിലെ ചുരം റോഡിൽ ചന്ദനത്തോട് പ്രദേശത്ത് 80 മീറ്ററോളം നീളത്തിൽ റോഡിലും റോഡരികിലും വലിയ വിള്ളൽ രൂപപ്പെട്ടത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ ആഴത്തിലുള്ള വിള്ളൽ രൂപപ്പെട്ടതിനാൽ, മണ്ണ് പൂർണമായും നീക്കി റോഡ് പുതുക്കിപ്പണിയേണ്ടതിനാൽ ഗതാഗതം പൂർണ്ണമായി നിരോധിക്കുകയായിരുന്നു.





Leave a Reply