പകുതി വില തട്ടിപ്പ്: ഉരുൾപൊട്ടൽ ദുരന്തബാധിതരും ഇരകൾ
മേപ്പാടി :മേപ്പാടിയിൽ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഉൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി. മേപ്പാടി മേഖലയിലെ നൂറുകണക്കിന് ദുരന്തബാധിതരും തോട്ടം തൊഴിലാളികളുമാണ് ഈ തട്ടിപ്പിന് ഇരയായത്. കൽപറ്റ ബ്ലോക്ക് പരിധിയിലുള്ളവരാണ് കൂടുതലും.
ദുരന്തബാധിതർക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായം വരെ തട്ടിപ്പുകാർ കൈക്കലാക്കി. വിശ്വസനീയമായ വാഗ്ദാനങ്ങളിൽ കുടുങ്ങി 65,000 രൂപയിലധികം ആളുകൾ അടച്ചിട്ടുണ്ട്. ‘വുമൺ ഓൺ വീൽസ്’ എന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സ്കൂട്ടർ നൽകുന്നതെന്നാണ് അനന്തു കൃഷ്ണനും സംഘവും ആളുകളെ വിശ്വസിപ്പിച്ചത്. ആദ്യഘട്ടത്തിൽ ചിലർക്ക് സ്കൂട്ടർ നൽകി വിശ്വാസം നേടാനും ഇവർക്ക് കഴിഞ്ഞു.
പല എൻ.ജി.ഒകൾ, അക്ഷയ കേന്ദ്രങ്ങൾ, ബാങ്ക് ശാഖകൾ എന്നിവരെയെല്ലാം ബന്ധിപ്പിച്ച് വലിയ ശൃംഖലതന്നെ ഇതിനായി തട്ടിപ്പുകാർ രൂപപ്പെടുത്തിയിരുന്നു. ഇതിനായി സീഡ് (സോഷ്യോ ഇക്കണോമിക് എൻവയോൺമെൻ്റൽ ഡെവലപ്‌മെൻ്റ് സൊസൈറ്റി) എന്ന പേരിൽ കൽപറ്റയിൽ ഒരു ഓഫീസ് തുറന്നു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് ഡെവലപ്മെൻറ് സ്റ്റഡീസിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണിതെന്നും വലിയ ചില കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇവർ ആളുകളെ വിശ്വസിപ്പിച്ചു.
ജോലിയാവശ്യാർഥം ഉപയോഗിച്ചിരുന്ന പലരുടെയും ഇരുചക്രവാഹനങ്ങൾ ഉരുൾപൊട്ടലിൽ നശിച്ചിരുന്നു. ദൂരസ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് പണിക്ക് പോകാൻ സ്കൂട്ടർ കിട്ടുമെന്ന പ്രതീക്ഷയിൽ പണം അടച്ചു. തിനപുരം, പുത്തൂർവയൽ എന്നിവിടങ്ങളിലുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേന രേഖകൾ ശരിയാക്കി വിവിധ ബാങ്ക് ശാഖകളിലൂടെ പണം അടയ്ക്കുകയായിരുന്നു രീതി.
തട്ടിപ്പിനിരയായവർ മേപ്പാടി പൊലീസ് സ്റ്റേഷനിൽ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മേഖലകളിലും നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ട്. മാനന്തവാടിയിൽ 83ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. കൽപറ്റയിൽ ഒരു പരാതിയാണ് ലഭിച്ചത്. പനമരം ഭാഗത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി മേഖലയിൽ 200ഓളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. വിവിധയിടങ്ങളിൽ പരാതികൾ ലഭിക്കുന്നതിനനുസരിച്ച്കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.





Leave a Reply