June 21, 2026

കോടികള്‍ പൊടിച്ചുള്ള സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടി ദുരന്തബാധിതരോടുള്ള വെല്ലുവിളി: യൂത്ത്കോണ്‍ഗ്രസ്

0
Img 20250330 193542
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പോലുമാകുന്നതിന് മുമ്പെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ പേരില്‍ കല്‍പ്പറ്റയില്‍ കോടികള്‍ പൊടിച്ച് നടത്തുന്ന പരിപാടികള്‍ ദുരന്തബാധിതരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ് അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, ബിന്‍ഷാദ് കെ ബഷീര്‍, മുത്തലിബ് പഞ്ചാര, അനീഷ് റാട്ടക്കുണ്ട്, രോഹിത് ബോധി, ജിബിന്‍ മാമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് എട്ടുമാസം കഴിഞ്ഞിട്ടും ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടതൊഴിച്ചാല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് കാര്യമായ ഒരു പുരോഗതിയൊന്നുമുണ്ടായിട്ടില്ല. 10 സെന്റ് സ്ഥലം വേണമെന്ന ദുരന്തബാധിതരുടെ ആവശ്യം അഗീകരിക്കാതെ ഏഴ് സെന്റിലൊതുക്കി. ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലാത്തവര്‍ക്ക് 40 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ തിരസ്‌ക്കരിച്ചു. 15 ലക്ഷം രൂപയാണ് നിലവില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ദുരന്തബാധിതരുടെ തുടര്‍ചികിത്സക്കായി നീക്കിവെച്ചിരിക്കുന്നത് നാമമാത്രമായ തുകയാണ്. ഉത്തരവ് ലഭിക്കാത്തതിന്റെ പേരില്‍ 300 രൂപ ദിനബത്തയും മുടങ്ങികിടക്കുകയാണ്. ഇതിന് പുറമെ ഇപ്പോഴുംപടവെട്ടിക്കുന്ന് ഉള്‍പ്പെടെയുള്ള പ്രദേശത്തെ ആളുകള്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പാടികളില്‍ താമസിച്ചിരുന്നവരുടെയും അവസ്ഥ സമാനമാണ്. ഒരു മഴക്കാലം തൊട്ടരികിലെത്തി നില്‍ക്കുമ്പോഴും ഇവരുടെയൊന്നും കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഈ സാഹചര്യത്തില്‍ വാര്‍ഷികാഘോഷത്തിന് നീക്കിവെച്ചിട്ടുള്ള തുക ദുരന്തബാധിതര്‍ക്കായി ചിലവഴിക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും, വിവിധ കൂട്ടായ്മകളുമെല്ലാം ദുരന്തബാധിര്‍ക്കായി തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി ദുരന്തബാധിതരെ അതിജീവനവഴിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണം പൊടിച്ചുകൊണ്ടുള്ള വാര്‍ഷിക പരിപാടി കല്‍പ്പറ്റയില്‍ നടത്തുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. മാതൃക കാട്ടേണ്ട സര്‍ക്കാര്‍ തന്നെ എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരുടെ മൂക്കിന് താഴെ കോടികള്‍ പൊടിച്ച് പ്രദര്‍ശനവും മേളയും നടത്തുന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലെന്നും, വയനാട്ടില്‍ പരിപാടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് യൂത്ത്കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *