എ.ടി.എമ്മിൽ നിക്ഷേപിക്കാനേൽപ്പിച്ച 28 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് ജീവനക്കാർ പിടിയിൽ
ബത്തേരി: വിവിധ എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേൽപ്പിച്ച കേരള ഗ്രാമീണ ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകൾ ബത്തേരി പോലീസിന്റെ പിടിയിലായി. ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ പി.ആർ. നിധിൻ രാജ് (34), മേപ്പാടി ലക്കിഹിൽ പ്ലാംപടിയൻ വീട്ടിൽ പി.പി. സിനൂപ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബത്തേരി നോഡൽ ബ്രാഞ്ചിലെ ജീവനക്കാരായിരുന്ന ഇവർ 2021 നവംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനായി ബാങ്ക് ഏൽപ്പിച്ച പണത്തിൽ നിന്നും 28 ലക്ഷം രൂപ ഇവർ അപഹരിക്കുകയായിരുന്നു. പണം മുഴുവനായി നിക്ഷേപിക്കാതെ വിത്ത്ഡ്രോവൽ അക്നോളജ്മെന്റ് സ്ലിപ്പുകളിൽ തിരുത്തലുകൾ വരുത്തി ഇത് ഒറിജിനൽ ആണെന്ന് വ്യാജമായി ബത്തേരി ബ്രാഞ്ചിൽ സമർപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
ബത്തേരി ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.





Leave a Reply