പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
ബത്തേരി: പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ബത്തേരി ഫയർ ഫോഴ്സും അമ്പലവയൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ് മുൻദീർ എന്നിവരാണ് ഇന്നലെ രാത്രി വഴിതെറ്റി മലമുകളിൽ കുടുങ്ങിയത്.
ഇന്നലെ ഉച്ചയോടെ മലകയറിയ ഇരുവരും രാത്രിയായിട്ടും തിരികെ ഇറങ്ങാൻ വഴി കാണാതെ വന്നതോടെ വൈകീട്ട് ഏഴു മണിയോടെ ഫയർ ഫോഴ്സ് നിലയത്തിലേക്ക് വിളിച്ച് സഹായം തേടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ രക്ഷാസേന നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി ഒൻപതരയോടെ രണ്ടുപേരെയും സുരക്ഷിതമായി താഴെയെത്തിച്ചു. സ്റ്റേഷൻ ഓഫീസർ ശിവദാസന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.





Leave a Reply