സ്റ്റെർക്ക് ക്യൂര്യോസിറ്റി സെൻ്ററിൻ്റെ ത്രിദിന സമ്മർ ക്യാമ്പിന് സുഗന്ധഗിരിയിൽ തുടക്കം
സുഗന്ധഗിരി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻറ് റിസേർച്ച് സെൻ്റർ വയനാട് ക്യൂര്യോസിറ്റി സെൻ്ററിൻ്റെ നാലാമത് ത്രിദിന സമ്മർ ക്യാമ്പിന് സുഗന്ധഗിരി ഗവ.യു.പി.സ്കൂളിൽ തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്തംഗം എൻ.സി.പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
“ജൈവവൈവിധ്യം” എന്ന മുഖ്യ വിഷയത്തിൽ ഊന്നൽ നൽകുന്ന ക്യാമ്പിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണം ജീവസംരക്ഷണ പ്രവർത്തനമാണെന്ന അവബോധം വളർത്തുക, കുട്ടികളിൽ നിരീക്ഷണശേഷിയും വിശകലന ശേഷിയും വർദ്ധിപ്പിക്കുക, ജൈവവൈവിധ്യ പഠനവും പ്രകൃതി പഠന യാത്രയും സംഘടിപ്പിക്കുക എന്നിവയാണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
ഉദ്ഘാടന സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാനം ജൈവവൈവിധ്യത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ എന്ന വിഷയത്തിൽ റിട്ട. ഡയറക്ടറും എ.ടി.എം.എ വിദഗ്ധനുമായ ഡോ.അനിൽ സക്കറിയ കുട്ടികളുമായി സംവദിച്ചു. പശ്ചിമഘട്ട മലനിരകളിലെ സസ്യജാലം കേരളത്തിന് കൂടുതൽ മഴ ലഭ്യമാക്കുന്നതിലും സംസ്ഥാനത്തെ ജലസമൃദ്ധമാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബോംബെ ഐ.ഐ.ടി പ്രൊഫസർ കെ.സുധാകർ ക്യാമ്പിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ സയൻ്റിസ്റ്റ് ജോസഫ് ജോൺ (എം.എസ്.എസ്.ആർ.എഫ്), കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് സബീല ബീഗം, നാടൻ പാട്ട് കലാകാരൻ മാത്യൂസ് എ.സി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വരും ദിവസങ്ങളിൽ ബയോഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകൾ, പക്ഷി നിരീക്ഷണം, ഫോറസ്റ്റ് സന്ദർശനം, സ്കിറ്റ് അവതരണം, ജൈവ വൈവിധ്യ പാർക്ക് പരിചയപ്പെടൽ, ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, വാനനിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റെർക്ക് ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. സുഗന്ധഗിരി ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ.അബ്ബാസ് സ്വാഗതം ആശംസിച്ചു. സ്റ്റെർക്ക് സി.ഇ.ഒ എം.എം.ടോമി നന്ദി പ്രകാശിപ്പിച്ചു.





Leave a Reply