June 27, 2026

വയനാടിന്റെ ‘ഗ്രാമസേവകന്‍’ പൊന്നുവേട്ടന് ജില്ലാക്ഷേമകാര്യ ഗ്രാമാദരം

0
ioi

 

കല്‍പ്പറ്റ:വയനാട്ടുകാരനായ ആദ്യത്തെ ഗ്രാമസേവകനും നിലവില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ പൊന്നുവേട്ടന്‍ എന്നറിയപ്പെടുന്ന മംഗലശ്ശേരി നാരായണന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഗ്രാമാദരം നല്‍കി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പൊന്നാടയണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.സ്വന്തം കര്‍മ്മവൈഭവം കൊണ്ട് നാട്ടുകാരുടെ പൊന്നുവേട്ടനായ നാരായണന്‍ പെന്‍ഷനായി 26 വര്‍ഷം പിന്നിടുമ്പോഴും ഒരു ദിവസം പോലും ഒഴിവില്ലാത്ത പൊതുസേവനത്തിലാണ് ഇന്നും.

ഗ്രാമസേവകന്‍ മുതല്‍ ബ്ലോക്ഡവലപ്പ്‌മെന്റ് ഓഫീസര്‍വരെ നീളുന്ന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുകൊണ്ട് പൊന്നു വേട്ടന്‍ കൈവെച്ച പദ്ധതികളെല്ലാം പൊന്നായി തീര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ ആദ്യമായി ജനവിഭാഗങ്ങളെ സാമ്പത്തികാടിസ്ഥാനത്തില്‍ വിഭജിച്ച് നിര്‍ധനരെ കണ്ടെത്തി ജീവിതോന്‍മുഖ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്ക് പോന്നുവേട്ടന്‍ എന്ന ഈ ഗ്രാമസേവകനിലൂടെയായിരുന്നു.

വയനാട്ടിലെ ചെറുകരയെന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തില്‍ ഒരു ദരിദ്ര കര്‍ഷകന്റെ രണ്ടാമത്തെ മകനായി ഇല്ലായ്മകള്‍ക്ക് നടുവിലായിരുന്നു നാരായണന്റെ ജനനം. സ്വാതന്ത്ര്യത്തിനും ആറുവര്‍ഷം മുമ്പ്.1941ല്‍, മൂത്തയാള്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍(ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ്. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഇപ്പോഴും നിറസാന്നിധ്യമാണ്) സ്‌കൂള്‍ പഠനം എട്ടാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടിവന്നു നാരായണന് .കാരണം ആറു രൂപ വീതം പ്രതിമാസം ഫീസു കൊടുത്ത് രണ്ടു പേരെ പഠിപ്പിക്കാനുള്ള പാങ്ങില്ല എന്നതു തന്നെ. അക്കാലത്ത് വയനാട്ടില്‍ രണ്ട് ഹൈസ്‌കൂളുകളേ ഉണ്ടായിരുന്നുള്ളൂ. കല്പറ്റ എസ്.കെ.എം. ജെയും, മാനന്തവാടി ഗവ.ഹൈസ്‌കൂളും മാത്രം. കിലോമീറ്ററുകള്‍ കാല്‍നടയായി നടന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിരുന്നത്.
സ്വന്തമായി കൃഷിഭൂമിയില്ലാത്തതു കൊണ്ട് ജന്മിമാരില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തും, പത്തുകിലോമീറ്ററിലേറെ അകലെയുള്ള തേറ്റമലയിലെ സായിപ്പിന്റെ തേയില തോട്ടത്തില്‍ കൂലിവേല ചെയ്തുമാണ് പോന്നുവേട്ടന്റെ പിതാവ് കണാരന്‍ നായര്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ശ്രമിച്ചിരുന്നത്.
അച്ഛന് സഹായിയായി കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ടു. ആയിടക്കാണ്
വെള്ളമുണ്ടയില്‍ ഹൈസ്‌ക്കൂള്‍അനുവദി ക്കുന്നത്. തുടര്‍ന്ന് പല കാരണങ്ങളാലും തുടര്‍പഠനം മുടങ്ങിയവര്‍ക്കൊപ്പം നാരായണനും ഹൈസ്‌കൂളില്‍ചേര്‍ന്നു.
പത്താംതരം പൂര്‍ത്തിയാക്കി

ആയിടക്ക് ഒരു സുഹൃത്തുവഴി ഗ്രാമസേവകനാവാനുള്ള സ്‌റ്റൈപെന്റോടുകൂടിയുള്ള അവസരമുണ്ടെന്ന വാര്‍ത്ത നാരായണനെത്തേടിയെത്തി. യോഗ്യതാപരീക്ഷയില്‍ ശാരീരികക്ഷമത പ്രധാനമാണ്. നാലു കിലോമീറ്റര്‍ ഓടുകയും ഒരു സെന്റ് ഭൂമി കിളക്കുകയും വേണം. പിതാവിനൊപ്പം കൃഷി യിടത്ത് കഠിനാദ്ധ്വാനം ചെയ്തതിന്റെ ഗുണഫലം അനുഗ്രഹവര്‍ഷമായി .
അനായാസം പ്രവേശന പരീക്ഷ എന്ന കടമ്പ കടന്നു . മൂന്നു വര്‍ഷത്തെ കാര്‍ഷിക ഡിപ്ലോമാ കോഴ്‌സ് ഒന്നാമനായി പാസായി. വൈകാതെ 1964 ല്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ
ഗ്രാമസേവകനായി സര്‍ക്കാര്‍ നിയമനം ലഭിച്ചു. തുടര്‍ന്നുള്ള ഓരോ പഞ്ചവത്സരപദ്ധതികളിലും ജനക്ഷേമകരമായ ധാരാളംപദ്ധതികള്‍ വിഭാവനം ചെയ്യപ്പെടുകയും അവ നടപ്പാക്കുന്നതിനായി അഹോരാത്രം പണിയെടുത്തു. മറ്റെല്ലാവകുപ്പുകളുടെയും നിര്‍വഹണ ചുമതല ബ്ലോക്ക് ഡവലപ്പുമെന്റ് ഓഫീസുകള്‍ക്കായിരുന്നു അക്കാലം.. ഓരോ ജില്ലയിലുമുള്ള ബ്ലോക്കോഫീസുകള്‍ക്കു കീഴില്‍ ഏഴോളം ഗ്രാമസേവകര്‍. പ്രാഥമിക ആരോഗ്യം ,കൃഷി, മൃഗസംരക്ഷണം സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ മഹിളാ സമാജങ്ങള്‍, വയോജനവിദ്യാഭ്യാസം, ആദിവാസിക്ഷേമം തുടങ്ങി നിരവധിയായ പദ്ധതികള്‍ . 79 രൂപയായിരുന്നു അന്നത്തെ ശമ്പളം.
1964 ല്‍ കാബേജ് പൂനെയില്‍ നിന്ന് ആദ്യമായി കൊണ്ടുവന്ന് കൃഷി ചെയ്തതും ജില്ലയിലേക്ക് മൊത്തമായി 24 എണ്ണം പന്നിയൂര്‍ കുരുമുളക് കൊണ്ടുവന്ന വിതരണം ചെയ്തതും, ശ്രീലങ്കയില്‍ നിന്ന് ശീമക്കൊന്ന എത്തിച്ച് കൃഷി തുടങ്ങിയതും അതേ കാലത്ത് മാനന്തവാടി ഹൈസ്‌കൂളില്‍ കാര്‍ഷിക മേള നടത്തിയതുംഎല്ലാം പൊന്നുവേട്ടന്‍ ഇന്നും ഓര്‍ക്കുന്നു.ജില്ലയില്‍ എത്തിയ 16 കലക്ടര്‍മാരില്‍ 12 പേരില്‍ നിന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.1974-75 ല്‍ ഗ്രാമസേവകന്‍ എന്നത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി മാറി.1996 ജൂണില്‍ വെള്ളമുണ്ടക്കാരനായ മംഗലശ്ശേരി നാരായണന്‍സര്‍വീസില്‍ നിന്നും പടിയിറങ്ങയതും വിശ്രമജീവിതത്തിലേക്കായിരുന്നില്ല. പ്രൊജക്ടും പ്രവര്‍ത്തനങ്ങളുമായി വിശ്രമമില്ലാതെ ജനകീയാസൂത്രണ പരിപാടികളില്‍ സജീവവും സക്രിയവുമായി.നിലവില്‍ ‘കില’യിലെ ഫാക്കല്‍റ്റി കൂടിയാണ് പൊന്നുവേട്ടന്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *