ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോൾ കാർണിവലിന് തുടക്കം
ബത്തേരി: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പോരാട്ടം ലക്ഷ്യമിട്ട് വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടർ-19 ഫുട്ബോൾ കാർണിവൽ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ നടക്കുന്ന ടൂർണമെൻ്റ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലഹരിയുടെ കെണിയിൽ വീഴരുതെന്നും അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ യുവതലമുറയോട് അഭ്യർത്ഥിച്ചു. ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നൽകി. കളിയാണ് ഏറ്റവും വലിയ ലഹരിയെന്നും ലഹരിയുടെ ദുഷ്പ്രവണതകളിൽ നിന്ന് അകന്നു നിൽക്കണമെന്നും കായികവും കലാപരവുമായ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം സ്റ്റേഡിയത്തിൽ ഒത്തുചേർന്നവരെല്ലാം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
അഡീഷണൽ എസ്.പി ടി.എൻ. സജീവ്, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൾ കരീം, മുനിസിപ്പാലിറ്റി കൗൺസിലർ എൽസി പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ഭരതൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ബിനു തോമസ്, അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ കെ.എം. ശശിധരൻ, എ.എസ്‌ഐ ഹസൻ ബാരിക്കൽ, ജില്ലാ പോലീസ് ടീമംഗം നിയാദ്, എസ്.സി.പി.ഒ ഇർഷാദ് മുബാറക് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ബത്തേരി ബ്ലോക്ക് തല മത്സരത്തിൽ എട്ട് ടീമുകൾ മാറ്റുരച്ചു. ബത്തേരി ഫുട്ബോൾ അക്കാദമി, കെ.വൈ.സി ചേനാട്, വിവാ പുത്തൂർ, നവ്യ മാതമംഗലം, അക്ഷരമിത്ര മീനങ്ങാടി, വിവാ കിടങ്ങിൽ, ജോഗോ ബൊണീറ്റോ നായ്കട്ടി, അമിഗോസ് മുത്തങ്ങ എന്നിവയാണ് വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. ആവേശകരമായ പോരാട്ടത്തിനൊടുവിൽ അക്ഷരമിത്ര മീനങ്ങാടിയും കെ.വൈ.സി ചേനാടും ബ്ലോക്ക് തല ഫൈനലിലേക്ക് യോഗ്യത നേടി.
കാർണിവലിൻ്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് മത്സരങ്ങൾ മെയ് നാലിന് അച്ചൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, മാനന്തവാടി ബ്ലോക്ക് മത്സരങ്ങൾ മെയ് അഞ്ചിന് തവിഞ്ഞാൽ 44-ാം മൈൽ ഗ്രൗണ്ടിലും, പനമരം ബ്ലോക്ക് മത്സരങ്ങൾ നടവയൽ സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിലും നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വള്ളിയൂർക്കാവ് മൈതാനത്താണ് അരങ്ങേറുക. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഫുട്ബോൾ കാർണിവൽ വയനാട്ടിലെ യുവജനങ്ങൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.





Leave a Reply