ലഹരിക്കെതിരെ പോലീസിനൊപ്പമോടി മാനന്തവാടി
മാനന്തവാടി: ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്'(Say No to Drugs, yes to Fitness) എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ കൂട്ടയോട്ടം നടത്തി. ഇന്ന് നടത്തിയ കൂട്ടയോട്ടത്തിൽ പോലീസിനൊപ്പം പൊതുജനങ്ങളും തൊഴിലാളികളും സ്റ്റുഡന്റ്്സ് പോലീസ് കേഡറ്റുകളും വ്യാപാരികളുമടക്കം നൂറുകണക്കിന് പേര് അണി ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ദീപശിഖ കൊളുത്തി. മാനന്തവാടി ടൗണ്‍ മുതല്‍ വള്ളിയൂര്‍ക്കാവ് വരെ നടത്തിയ കൂട്ടയോട്ടത്തിന്റെ ഫ്ളാഗ് ഓഫ് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി നിര്‍വഹിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കൗണ്‍സിലര്‍മാരായ കെ.സി. സുനില്‍കുമാര്‍, അഡ്വ. സിന്ധു സെബാസ്റ്റിയന്, വയനാട് ജില്ലാ അഡീ. എസ്.പി. ടി.എന്‍. സജീവ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുള്‍ കരീം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ഭരതന്, മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്, മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ അഗസ്റ്റിന്, തൊണ്ടര്‍നാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ. അഷ്റഫ്, റിട്ട. എസ്.പി പ്രിന്‍സ് മാത്യു, അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ, ബത്തേരി നഗരങ്ങളിലും കൂട്ടയോട്ടവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചിരുന്നു. ആരോഗ്യത്തോടെയുള്ള ജീവിതം ലഹരിയാക്കി മാറ്റണമെന്ന് ജില്ലാ പോലീസ് മേധാവി ആഹ്വാനം ചെയ്തു. ലഹരി ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ് രംഗത്തു വരുന്നത്. ലഹരിക്കെതിരെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റും ജില്ലാ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക. യോദ്ധാവ്: 9995966666. ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ : 9497990129





Leave a Reply