April 16, 2026

മുതിരേരി വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു വൈശാഖമഹോത്സവത്തിന് തുടക്കം

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മുതിരേരി വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു വാള്‍ കൊട്ടിയൂരിലെത്തിയതോടെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കമായി.27 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് തുടക്കമായി. മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരിയാണ് വാള്‍ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്.മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാള്‍ എഴുന്നള്ളിപ്പിന് സാക്ഷ്യം വഹിക്കാന്‍ നൂറ് കണക്കിന് വിശ്വാസികള്‍ മുതിരേരി ക്ഷേത്രത്തില്‍ എത്തിയിരുന്നു.മുതിരേരി ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ കുടുംബത്തിലുള്ളവര്‍ക്കാണ് വാള്‍ എഴുന്നള്ളിക്കുന്നതിനുള്ള അവകാശം. കണ്ണൂര്‍ കൂത്തുപറമ്പ് എടയാര്‍ മൂഴിയോട്ട് ഇല്ലത്തു നിന്നുള്ളവരാണ് നിലവില്‍ വാള്‍ എഴുന്നള്ളിക്കുന്നത്.ക്ഷേത്രത്തോട് ചേര്‍ന്നുള്ള വാളറയിലാണ് മുതിരേരി വാള്‍ സൂക്ഷിക്കുന്നത്. ഇടവ മാസത്തിലെ ചോതി നക്ഷത്ര ദിവസം പുലര്‍ച്ചെ കോഴിയോട്ട് മൂപ്പില്‍ നമ്പ്യാരുടെ അനുമതിയോടെ വാള്‍ വാളറയില്‍ നിന്നും പുറത്തെടുക്കും. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ മുക്കിയ ശേഷം അഭിഷേകം, ശര്‍ക്കര നിവേദ്യം എന്നിവ നടത്തി ശ്രീകോവിലിലെത്തിച്ച് മുഖ്യപ്രതിഷ്ഠയായ ശിവലിംഗത്തോട് ചേര്‍ത്തു വയ്ക്കും. ഉച്ചപൂജയ്ക്കു ശേഷം വാള്‍ എഴുന്നള്ളിക്കാന്‍ നിയോഗിക്കപ്പെട്ട നമ്പൂതിരി മണിത്തറയില്‍ ധ്യാനത്തിലിരിക്കുക്കയും. വെളിപാട് കൈവരുന്നതോടെ തീര്‍ഥക്കുടവുമായി ക്ഷേത്രക്കുളത്തില്‍ മുങ്ങി തറ്റുടുത്ത് ഉത്തരീയവും ഭസ്മവും ചന്ദനവും ചാര്‍ത്തി തീര്‍ഥക്കുടത്തിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തി മുഖ്യദേവനും ഉപദേവതമാര്‍ക്കും ഒറ്റ വാര്‍പ്പ് എന്ന അതിപ്രധാനമായ നിവേദ്യം സമര്‍പ്പിക്കും. പിന്നീട് ഈശ്വര ചൈതന്യം ഉള്‍ക്കൊള്ളുന്ന വാളുമായി കൊട്ടിയൂരിനെ ലക്ഷ്യം വെച്ച് അതിവേഗം നീങ്ങുകയും ചെയ്യും.
മുതിരേരി വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചാല്‍ പിന്നീട് കൊട്ടിയൂര്‍ വൈശാഖ മഹോത്സവം കഴിയുന്നത് വരെ മുതിരേരി ക്ഷേത്രത്തില്‍ യാതൊരു പൂജയും നടക്കില്ല. ഇന്നലെ വാളെഴുന്നത്ത് കഴിഞ്ഞയുടന്‍ ക്ഷേത്രത്തിലേക്കുള്ള വഴി കരുമത്തില്‍ ഉന്നതിയിലെ ഹരിദാസ് മൂപ്പന്‍ മുള്ള് ഉപയോഗിച്ച് അടച്ചു. മിഥുന മാസത്തിലെ ചിത്ര നക്ഷത്രത്തിലാണ് കൊട്ടിയൂരില്‍ നിന്നും വാള്‍ തിരിച്ച് മുതിരേരി ക്ഷേത്രത്തിലെത്തിക്കുക.
ചിത്രനാളില്‍ വാള്‍ തിരിച്ചെത്തുകയും ചോതിക്ക് പഷ്ണി ചടങ്ങ് നടത്തുകയും ചെയ്യും.
വിശാഖം നാളില്‍ പൂജയ്ക്കു ശേഷം വാള്‍ വാളറയിലേക്ക് മാറ്റും. തുടര്‍ന്ന് നിത്യപൂജകള്‍ തുടങ്ങുകയും ചെയ്യും.വാള്‍ എഴുന്നള്ളത്ത് കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സുരേന്ദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു .സഹകാര്‍മികരായ വൈശാഖ് നമ്പൂതിരി ഹരികൃഷ്ണന്‍ നമ്പൂതിരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരും പരിപാടിയില്‍ ഭാഗവാക്കായി.ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് എന്‍ ചന്ദ്രശേഖരന്‍ കെ കെ കുട്ടന്‍ സുരേഷ് കുമാര്‍ മണിമൂല വിദ്യാ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മുതിരേരിക്കാവില്‍ നിന്നും വാളുമായി ക്ഷേത്രം മേല്‍ശാന്തി കൊട്ടിയൂരിലേക്ക് പുറപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *