സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: വയനാട് ജില്ലയിൽ സ്ഥിരം കുറ്റവാളിയായ ഒരാളെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. മേപ്പാടി, കെ.ബി. റോഡ്, പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് എന്ന പ്രാഞ്ചി (54) ആണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടർന്ന് 2025 ജൂൺ 7-ന് മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഫ്രാൻസിസിനെ അറസ്റ്റ് ചെയ്യുകയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.
മേപ്പാടി, കൽപ്പറ്റ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ നിരവധി എൻ.ഡി.പി.എസ് കേസുകൾ നിലവിലുണ്ട്. 2025 ജനുവരിയിൽ ബത്തേരിയിലെ ഒരു ലോഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.090 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു.
ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും തരംതിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.





Leave a Reply