August 19, 2026

ജില്ലയുടെ വൃത്തിയ്ക്ക് മാര്‍ക്കിടുന്നു; സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വ്വെ 23 വരെ

0
site-psd-22
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയുടെ വൃത്തിക്ക് മാര്‍ക്കിടാന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ജൂണ്‍ 23 വരെ സര്‍വ്വെ നടത്തുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ നടത്തുന്ന രണ്ടാംഘട്ട സര്‍വ്വെയിലാണ് ജില്ല ഉള്‍പ്പെട്ടത്. സര്‍വ്വെ അടിസ്ഥാനമാക്കി ജില്ലകള്‍ക്ക് റാങ്ക് നല്‍കുകയാണ് സ്വച്ഛ് സര്‍വേക്ഷന്‍. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയാണ് വൃത്തി സര്‍വ്വെയില്‍ പരിശോധിക്കുക. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും 45 വില്ലേജുകളില്‍ ടീം സര്‍വ്വെ നടത്തും. ഓരോ ഗ്രാമപഞ്ചായത്തിലെയും തെരഞ്ഞെടുക്കുന്ന 20 മുതല്‍ 30 വരെ വീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തും.

വീടുകളിലെ ശുചിത്വ-ശുചിമുറി- മാലിന്യസംസ്‌കരണ-മലിനജല സൗകര്യങ്ങള്‍, പൊതു ഇടങ്ങളിലെ ശുചിത്വം, മാലിന്യം വലിച്ചെറിയല്‍, മലിനജലത്തിന്റെ തോത് എന്നിവ പരിശോധിക്കും. ഗ്രാമപഞ്ചായത്തുകളുടെ നിലവിലെ ജൈവ-അജൈവ-ദ്രവ മാലിന്യ സംസ്‌കരണ ഉപാധികളും പ്രവര്‍ത്തനവും സമിതി വിലയിരുത്തും. ശൗചാലയ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ സംസ്‌കരണ ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളും എന്നിവയും പരിശോധിക്കും.

സംസ്ഥാനത്തെ 450 വില്ലേജുകളിലായി സ്വച്ഛ് സര്‍വേക്ഷന്‍ വൃത്തി പരിശോധന നടത്തും. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സമിതി മാര്‍ക്ക് നല്‍കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സര്‍വ്വെയുടെ ഭാഗമായി രാജ്യത്തെ 761 ജില്ലകളിലായി 21,000 വില്ലേജുകളില്‍ പരിശോധന നടത്തും. 3,36,000 വീടുകള്‍, 1,05,000 പൊതു ഇടങ്ങള്‍, 1971 പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ്, 875 ഗോബര്‍ധന്‍ പ്ലാന്റ്, 983 ശൗചാലയ പ്ലാന്റ് എന്നിവ സര്‍വ്വെ അടിസ്ഥാനമാക്കി പരിശോധിക്കും.

പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായമറിയാന്‍ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ ആപ്ലിക്കേഷനും (സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025) ഉപയോഗിക്കും.

കല്‍പ്പറ്റ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *