പെരിക്കല്ലൂരിലെ വ്യാജക്കേസ്: മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം
പുൽപ്പള്ളി: പെരിക്കല്ലൂർ കാനാട്ട് മലയിലെ തങ്കച്ചന്റെ വീട്ടിൽ വ്യാജമായി സ്ഫോടക വസ്തുക്കളും കർണാടക നിർമ്മിത മദ്യവും വെച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ, ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ കോൺഗ്രസ് നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ.എം. പുൽപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വൈരം തീർക്കാൻ ചില ഉന്നത നേതാക്കൾ നടത്തിയ നീചമായ പ്രവർത്തനമാണിതെന്ന് സി.പി.എം ആരോപിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) പ്രസിഡന്റിന്റെ അടുപ്പക്കാരനായ ഒരു ക്രിമിനൽ സംഘമാണ് നിലവിൽ അറസ്റ്റിലായ പ്രസാദിന് ക്വട്ടേഷൻ നൽകിയത്. തോട്ടയും ഡിറ്റണേറ്ററുകളും അടക്കമുള്ള സ്ഫോടക വസ്തുക്കളും കർണാടകയിൽ നിന്നുള്ള മദ്യവും സജീവ കോൺഗ്രസ് പ്രവർത്തകനായ തങ്കച്ചന്റെ വീട്ടിൽ വെക്കാൻ ഈ സംഘം നിർദ്ദേശം നൽകിയെന്ന് സി.പി.എം പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായ പ്രസാദ് കർണാടകയിൽ നിന്ന് മദ്യം മാത്രമാണ് വാങ്ങിയതെന്നും, സ്ഫോടക വസ്തുക്കൾ നൽകിയത് കോൺഗ്രസ് നേതാക്കളാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി. ഈ സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് കർശനമായി അന്വേഷിക്കണമെന്നും ആവശ്യമുയർന്നു.
നിരപരാധിയായ തങ്കച്ചൻ 17 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ഈ കേസിൽ പോലീസിന് സംഭവിച്ച വീഴ്ചയും അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്കച്ചൻ അറസ്റ്റിലായ ഉടൻ തന്നെ ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തുവന്നത്.
രാഷ്ട്രീയ എതിരാളികളെയും സ്വന്തം പാർട്ടിയിലെ എതിർവിഭാഗത്തെയും തകർക്കാൻ ഏതറ്റം വരെയും പോകാൻ ഇവർ മടിക്കില്ല എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് സി.പി.എം അഭിപ്രായപ്പെട്ടു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് സെപ്റ്റംബർ 10-ന് വൈകുന്നേരം 5 മണിക്ക് പെരിക്കല്ലൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്യും.





Leave a Reply