ഗ്രാമ നഗര ഹൃദയങ്ങള്‍ക്ക് നിറപ്പകിട്ട് നല്‍കിയ റഷീദ് ഇമേജിന് വിട
ബത്തേരി: പ്രശസ്ത ഗ്രാഫിക് ആര്‍ട്ടിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ റഷീദ് ഇമേജ് (51) ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വൃത്തിഹീനമായ നഗരഭിത്തികളില്‍ ഗ്രാഫിക് പെയിന്റിംഗുകളിലൂടെ പുതിയൊരു കാഴ്ചാനുഭവം സൃഷ്ടിച്ച അദ്ദേഹം,പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നഗരഭിത്തികളെ മനോഹരമാക്കിയതിനൊപ്പം, മുളങ്കാടുകള്‍ വെച്ചുപിടിപ്പിച്ചും മഞ്ഞക്കൊന്നയെ ഉന്മൂലനം ചെയ്തും റഷീദ് ഇമേജ് പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവനകള്‍ നല്‍കി. ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ഫ്‌ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.
ബത്തേരിയിലെ ശുചിത്വമിഷന്‍ പരിപാടികളിലും ‘ഹാപ്പി ഹാപ്പി ബത്തേരി’യുടെ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു റഷീദ്.നാട്ടില്‍ മാത്രമല്ല, വിദേശത്തും അദ്ദേഹത്തിന്റെ പരിസ്ഥിതി സ്‌നേഹം ശ്രദ്ധ നേടിയിരുന്നു. ഖത്തറില്‍ അഞ്ഞൂറിലധികം വൃക്ഷത്തൈകള്‍ നട്ടുപരിപാലിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസ നേടി. ഖത്തറിന്റെ 51-ാം ദേശീയ ദിനാഘോഷത്തിന് മാറ്റുകൂട്ടാന്‍ അദ്ദേഹം നട്ട ആല്‍മരം പ്രധാന പങ്ക് വഹിച്ചിരുന്നു.ചിറക്കമ്പം കുന്നുമ്മല്‍ പരേതനായ മൂസയുടെയും ഉമ്മയ്യയുടെയും മകനാണ് റഷീദ് ഇമേജ്. ഭാര്യ: സീനത്ത്, മക്കള്‍: ആദില്‍, റിയ ഫാത്തിമ.സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് ബത്തേരി നായ്ക്കട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.





Leave a Reply