November 13, 2026

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 73 പരാതികളില്‍ നടപടി

0
site-psd-485
Merin S
By ന്യൂസ് വയനാട് ബ്യൂറോ

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 73 പരാതികളില്‍ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന അദാലത്തില്‍ നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികള്‍ക്ക് പുറമെ 50 പരാതികള്‍ കൂടി നേരിട്ട് സ്വീകരിച്ചു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി എന്നിവരാണ് പരാതികള്‍ കേട്ടത്.അദാലത്തില്‍ അപ്പപ്പോള്‍ തീര്‍ക്കാന്‍ സാധിച്ച പരാതികളിന്മേല്‍ കളക്ടറും എഡിഎമ്മും പരിഹാരം നിര്‍ദേശിക്കുകയും തുടര്‍ നടപടികള്‍ ആവശ്യമുള്ളവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം നടപടിക്കായി കൈമാറുകയും ചെയ്തു.

വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തില്‍ എത്തിയിരുന്നു.
പരാതികള്‍ക്ക് സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അക്ഷയ, ബാങ്കിങ് സേവനങ്ങള്‍, നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്രീനിങ് എന്നിവയും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.

വന്യമൃഗശല്യം, അംഗന്‍വാടിക്കായി വിട്ടുകൊടുത്ത ഭൂമിയുടെ രേഖകളിലെ അപാകതകള്‍, വീടിനുള്ള അപേക്ഷകള്‍, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷ, വീടിനും മറ്റ് കെട്ടിടങ്ങളും ഭീഷണിയാവുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യങ്ങള്‍, റോഡ് അറ്റകുറ്റപ്പണി, സ്വയംസന്നദ്ധ പുനരധിവാസം, ഉന്നതികളിലേക്കുള്ള യാത്രാപ്രശ്‌നങ്ങള്‍, മലിനജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചുള്ള പരാതി, വെള്ളം കയറുന്ന ഭൂമിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന അപേക്ഷ, ബസ് സര്‍വീസ് വേണമെന്ന ആവശ്യം, ദേശീയപാതയിലെ അപകടകരമായ യാത്ര, കുടിവെള്ളവും വഴിയും മുടക്കുന്നത് സംബന്ധിച്ച പരാതി, ബാങ്കില്‍ നിന്ന് രേഖകള്‍ തിരികെ കിട്ടാത്തത്, പട്ടയം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പിഴവ്, ഉപജീവന മാര്‍ഗത്തിനായുള്ള അപേക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്.

ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് കല്ലൂര്‍ പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ നടപടി ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ അദാലത്തില്‍ പരാതി നല്‍കി. ഇവയിലും തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എ ഉസ്മാന്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ അദാലത്തില്‍ ആദ്യാവസാനം പങ്കെടുത്തു. ഇന്ന് (ബുധനാഴ്ച) എടവക ഗ്രാമപഞ്ചായത്തിലും ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടക്കും. സ്വരാജ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ച വരെയായിരിക്കും അദാലത്ത് നടക്കുക.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *