കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയകൊടി പാറിച്ച് എസ് എഫ് ഐ
കൽപ്പറ്റ:കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കലാലയങ്ങളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ 16ൽ 11 കോളേജുകളിലും വിജയക്കൊടി പാറിച്ച് എസ്എഫ്ഐ. എംഎസ്എഫ്, കെഎസ്യു സംഘടനകളിൽനിന്ന് നാല് കോളേജുകൾ പിടിച്ചെടുത്താണ് തിളങ്ങുന്ന വിജയം. അഞ്ച് കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ യൂണിയൻ നേടി. 15 യുയുസിമാരെ വിജയിപ്പിച്ച് കലിക്കറ്റ് സർവകലാശാല യൂണിയനിലേക്കുള്ള ജില്ലാ എക്സിക്യുട്ടീവ് സീറ്റും ഉറപ്പിച്ചു.
കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജ്, ബത്തേരി അൽഫോൺസാ കോളേജ്, മീനങ്ങാടി ഇഎംബിസി കോളേജ്, മീനങ്ങാടി ഐഎച്ച്ആർഡി കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ തിരിച്ചുപിടിച്ചു. മീനങ്ങാടി ഇഎംബിസി കോളേജിൽ മുഴുവൻ സീറ്റും നേടിയാണ് തിരിച്ചുവരവ്. വൈത്തിരി ഓറിയന്റൽ കോളേജ്, വൈത്തിരി കളിനറി ആർട്സ് കോളേജ്, മീനങ്ങാടി ഇഎംബിസി കോളേജ്, പൂമല എംഎസ്ഡബ്ല്യു സെന്റർ, പൂമല ബിഎഡ് കോളേജ്, പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ കോളേജ് എന്നിവിടങ്ങളിലും മുഴുവൻ സീറ്റുകളിൽ വിജയിച്ചു.
കൽപ്പറ്റ ഗവ. കോളേജിൽ ഒമ്പതിൽ ആറ് സീറ്റും അൽഫോൺസാ കോളേജിൽ എട്ടിൽ ആറ് സീറ്റുമാണ് നേടിയത്. ഐഎച്ച്ആർഡി കോളേജിൽ 11ൽ ആറു സീറ്റ് എസ്എഫ്ഐക്കാണ്. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ചെയർമാൻ, സ്റ്റുഡന്റ് എഡിറ്റർ സീറ്റുകളിലും എസ്എഫ്ഐക്കാണ് വിജയം. വൈത്തിരി ഓറിയന്റൽ കോളേജ്, വൈത്തിരി കളിനറി ആർട്സ് കോളേജ്, പൂമല എംഎസ്ഡബ്ല്യു സെന്റർ, പൂമല ബിഎഡ് കോളേജ്, പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ കോളേജ് എന്നിവിടങ്ങളിൽ നാമനിർദേശ പത്രിക സമർപ്പണത്തിൽ എസ്എഫ്ഐ വിജയം ഉറപ്പിച്ചിരുന്നു.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിവിധയിടങ്ങളിൽ പ്രകടനം നടത്തി. കൽപ്പറ്റയിൽ കേന്ദ്ര കമ്മിറ്റി അംഗം ബിബിൻ രാജ് പായം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അപർണ ഗൗരി, അബിൻ ബാബു, മുഹമ്മദ് ഷിബിലി എന്നിവർ സംസരിച്ചു. ബത്തേരിയിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഷിയാസ്, സച്ചു ഷാജി എന്നിവർ സംസാരിച്ചു. പുൽപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ് എം എസ് ആദർശ് ഉദ്ഘാടനം ചെയ്തു. അഥീന ഫ്രാൻസിസ്, സി ആർ വിഷ്ണു, ഇ എ സായന്ത് എന്നിവർ സംസാരിച്ചു. മീനങ്ങാടി ഏരിയാ സെക്രട്ടറി അക്ഷയ് പ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി ടി അദിത്ത് സംസാരിച്ചു.





Leave a Reply