May 5, 2026

യു.ഡി.എഫ് വിപുലീകരണം: കോൺഗ്രസിൽ കാര്യമായ ചർച്ചകളില്ല; സി.കെ. ജാനുവിന്റെ അപേക്ഷയിൽ വയനാട്ടിൽ ആലോചിക്കുമെന്ന് കെ. മുരളീധരൻ

0
IMG_20251015_142721
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: യുഡിഎഫ് വികസിപ്പിക്കുന്നതു സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍. കെപിസിസി വിശ്വാസ സംരക്ഷണ യാത്ര നയിച്ച് വയനാട്ടിലെത്തിയ അദ്ദേഹം ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഏത് ചര്‍ച്ച നടന്നാലും അത് യുഡിഎഫില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. യുഡിഎഫിന്റെ ഭാഗമാകുന്നതിന് താത്പര്യം അറിയിച്ച് സി.കെ. ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അതില്‍ തീരുമാനം എടുക്കുംമുമ്പ് ഡിസിസിയുമായി ആലോചിക്കും. മുമ്പ് ജാനുവിനെവച്ച് ഒരു രാഷ്ട്രീയ പരീക്ഷണം കോണ്‍ഗ്രസ് നടത്തിയതാണ്. അത് പരാജയമായിരുന്നു. ജാനുവിന്റെ പാര്‍ട്ടി പ്രധാനമായും പ്രവര്‍ത്തിക്കുന്നത് വയനാട് കേന്ദ്രീകരിച്ചാണ്. അതിനാല്‍ ജാനുവിന്റെ അപേക്ഷ കത്ത് ജില്ലയില്‍ പാര്‍ട്ടിക്കും മുന്നണിക്കും അകത്ത് ചര്‍ച്ച ചെയ്യണം. യുഡിഎഫില്‍ ചേരുന്നതിന് ജാനുവിന്റെ പാര്‍ട്ടിയുടേത് ഒഴികെ അപേക്ഷ ലഭിച്ചിട്ടില്ല. യുഡിഎഫ് വികസിപ്പിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ഭാവിയില്‍ നടത്തുന്നുണ്ടെങ്കില്‍ത്തന്നെ നിലവില്‍ യുഡിഎഫിലുള്ളവരെ വിശ്വാസത്തിലെടുത്തുമാത്രമേ തുടര്‍നടപടി സ്വീകരിക്കൂ. സി.കെ. ജാനു എത്തുന്നത് ഗുണം ചെയ്യുമോ എന്ന് കോണ്‍ഗ്രസോ യുഡിഎഫോ ചര്‍ച്ച ചെയ്തിട്ടില്ല.
ശബരിമലയിലെ സ്വര്‍ണാപഹരണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം. ശബരിമല വിഷയത്തില്‍ അഡീഷണല്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ താത്പര്യത്തിന് ഒത്തതല്ലെങ്കില്‍ മുഖ്യമന്ത്രി അവരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. ഈ റിസ്‌ക് അന്വേഷണസംഘം എടുക്കുമോയെന്ന സംശയം കോണ്‍ഗ്രസിനുണ്ട്. ശബരിമല വിഷയം രാഷ്ടീയവുമായി കൂട്ടിക്കുഴയ്ക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ഭക്തജനങ്ങളുടെ മനസില്‍ ഉണ്ടായ മുറിവ് ഉണക്കാനാണ് ശ്രമിക്കുന്നത്. ഇഡി മുഖ്യമന്ത്രിയുടെ മകനു കൊടുത്ത നോട്ടീസ് ആവിയായി പോയത് വിചിത്രമാണ്. ഇഡിയെ കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് ബിജെബി നേതൃത്വം ഉപയോഗിക്കുകയാണ്. ഇത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
വിശ്വാസസംരക്ഷണ യാത്ര കടന്നുപോയതിനുശേഷം പേരാമ്പ്ര വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ കോഴിക്കോട്ടെ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അധികാരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍ കാണിക്കുന്ന പേക്കൂത്തുകള്‍ വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല.
അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്നു പറഞ്ഞിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *