വയനാട് അതിദാരിദ്ര്യ മുക്തം, പ്രഖ്യാപനം യാഥാര്‍ത്ഥ്യം മറച്ചു വെക്കാനുള്ള കപട പ്രചാരണം: എസ്ഡിപിഐ
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് അതിദാരിദ്ര്യ മുക്തം പദ്ധതി ജില്ലയുടെ നിജസ്ഥിതി മറച്ചു വെക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും ഭരണകൂടം നാടിന്റെ പിന്നോക്കാവസ്ഥ ആഘോഷമാക്കുകയാണെന്നും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റുമാരായ തോമസ് കെ ജെ, എന്‍. ഹംസ, ജില്ലാ സെക്രട്ടറി ബബിത ശ്രീനു,ജില്ലാ ജനറല്‍ സെക്രട്ടറി പി. ടി സിദ്ധീഖ്,ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ മഹ്റൂഫ് സംസാരിച്ചു.
പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, നിത്യരോഗികളും ഭൂരഹിതരും ഭവനരഹിതരുമായ നിരവധി ആദിവാസി-ഗോത്ര വിഭാഗങ്ങള്‍ ജില്ലയിലുണ്ട്. സാമ്പത്തീക പരാധീനതകളാല്‍ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വരുന്ന കുടുംബങ്ങളനവധിയുണ്ട്. ആരോഗ്യമേഖലയും പരിതാപകരമായ അവസ്ഥയിലാണ്. വയനാട് മെഡിക്കല്‍ കോളേജ് ഇന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്യമായിട്ടില്ല. ഏത് രോഗാവസ്ഥയിലും തുടര്‍ ചികില്‍സകള്‍ക്കായി ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടകൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം ഇനിയും എങ്ങുമെത്തിയിട്ടില്ല. ജീവഹാനിയും കൃഷി നാശങ്ങളും തുടര്‍ക്കഥകളാവുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനം, ബഫര്‍സോണ്‍, ചുരം ബദല്‍ റോഡ് തുടങ്ങി വികസനാവശ്യങ്ങള്‍ പലതും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ജില്ലയുടെ വികസനചിത്രം. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കുകയും അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം നടത്തുകയും ചെയ്യുന്നത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള വാചകക്കസര്‍ത്ത് മാത്രമാണെന്നും ഇത്തരം ഭരണകൂട കാപട്യങ്ങള്‍ക്കെതിരെ ജനകീയ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി അറിയിച്ചു.




Leave a Reply