കാലാവസ്ഥയിൽ വന്ന വലിയ മാറ്റം കാർഷിക രംഗത്തെ പ്രതിസന്ധിയിലാക്കുന്നു
കൽപ്പറ്റ :വയനാടിന്റെ കാലാവസ്ഥയിൽ വന്ന വലിയ മാറ്റം കാർഷിക രംഗത്തെ പ്രതിസന്ധിയിലാക്കുന്നു. നീണ്ടുനിന്ന മഴക്കാലവും ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത വെയിലും കൃഷിയിടങ്ങളിൽ രോഗബാധ ഏറാൻ ഇടയാക്കുകയാണ്. രോഗബാധ ഇഞ്ചിക്കൃഷിയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. മഞ്ഞളിപ്പ് രോഗം ബാധിച്ച് ഏക്കർ കണക്കിന് ഇഞ്ചിക്കൃഷിയാണ് നശിച്ചത്.
ഇതിന് പുറമേയാണ് കുരുമുളക് വള്ളികളിൽ വാട്ട രോഗം വ്യാപകമായത്. ഏറെ വർഷങ്ങൾ അധ്വാനിച്ച് പിടിപ്പിച്ചെടുത്ത കുരുമുളക് വള്ളികളാണ് വാട്ടരോഗം പിടിപെട്ട് നശിക്കുന്നത്. ഇത് കർഷകർക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. നല്ലവണ്ണം തിരിയിടുന്ന കുരുമുളക് വള്ളികളിൽ പോലും മഞ്ഞളിപ്പ് ബാധിക്കുന്നുണ്ട്. ഇലകൾ പഴുത്തതിനു പിന്നാലെ തിരിയും തണ്ടും ഇലകളും കൊഴിഞ്ഞ് വീഴുകയും കുരുമുളക് വള്ളികൾ പാടേ നശിക്കുകയുമാണ് ചെയ്യുന്നത്.
ഇൗ വർഷം ഉണ്ടായ ശക്തമായ മഴ റബർ തോട്ടങ്ങളിൽ നിന്നുള്ള വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇല പൊഴിഞ്ഞതിനാൽ മഴ മാറിയിട്ടും തോട്ടങ്ങളിൽ ടാപ്പിങ് ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇൗ വർഷം ടാപ്പിങ് നടത്താൻ കഴിയുന്ന ദിനങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് കർഷകർ പറയുന്നു.
കുമിൾ ബാധയും, വേരിൽ നീരൂറ്റി കുടിക്കുന്ന ശൽക്ക കീടങ്ങളുടെ ആക്രമണവും കുരുമുളക് ചെടികളുടെ ഇല പൊഴിയുന്നതിനും, മഞ്ഞളിപ്പിനും കാരണമാകുന്നുണ്ട്. വേരുകൾ പരിശോധിച്ച് കീട ആക്രമണം ഉണ്ടെങ്കിൽ ചെടികളുടെ ചുവട്ടിൽ മാർഷൽ കീടനാശിനി 2 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ചേർന്ന് ചുവട്ടിൽ 2,3 ലീറ്റർ ഒഴിക്കുക. (ചുവട് ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം)3 ദിവസത്തിനു ശേഷം 1 ലീറ്റർ വെള്ളത്തിൽ 4 ഗ്രാം സിഒസിയും 4 മില്ലി സഞ്ചാർ 40 ഉും ചേർത്ത് ചെടി കുളിപ്പിച്ച് തളിക്കുക.(നന്നായി നനയും വിധം )കഴിയുമെങ്കിൽ സ്പ്രയറിന്റെ നോസിൽ ഊരി മാറ്റി ചുവട്ടിലും നന്നായി ശക്തിയിൽ മരുന്നു കൊടുക്കുക(അല്ലെങ്കിൽ 2,3 ലീറ്റർ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക). നശിച്ച ചെടികളുടെ അവശിഷ്ടം തോട്ടത്തിൽ നിന്നും നീക്കം ചെയ്യുക. ചുവട്ടിൽ പുത ഇട്ടത് ഉണ്ടെങ്കിൽ മാറ്റുക.





Leave a Reply