കൽപ്പറ്റ മർദനക്കേസ്; കുട്ടിഗുണ്ടകൾക്കെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു; അഞ്ച് ബൈക്കുകൾ കസ്റ്റഡിയിൽ
കൽപ്പറ്റ: നഗരത്തിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെ, കുട്ടിഗുണ്ടകൾക്കും ലഹരി സംഘങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി പോലീസ്. മർദനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നാഫി (18) റിമാൻഡിലായതിന് പിന്നാലെയാണ് നഗരത്തിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കിയത്. ഇതിന്റെ ഭാഗമായി ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 106 പ്രകാരം മതിയായ രേഖകളില്ലാതെയും നിയമവിരുദ്ധമായും കൽപ്പറ്റ നഗരത്തിൽ സർവീസ് നടത്തിയ അഞ്ച് ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.
മർദനമേറ്റ കുട്ടി പ്രതികളുടെ കാലുപിടിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംഘത്തിന്റെ മറ്റ് ക്രൂരതകളും വെളിച്ചത്തായത്. നിലവിൽ അറസ്റ്റിലായ സംഘം മുൻപും സമാനമായ രീതിയിൽ മറ്റ് കുട്ടികളെ മർദിച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുന്നത് ഇവരുടെ രീതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. നഗരത്തിൽ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ കർശനമായ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.





Leave a Reply