ചൂരൽമല ദുരിതബാധിതരുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കും; 18.75 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനം
തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിൽ ജീവിതവും ഉപജീവനവും തകർന്ന കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തു. ദുരിതബാധിതർ ഏറ്റെടുത്തിരുന്ന ബാങ്ക് വായ്പകളുടെ ബാധ്യത സർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. കുടിശികയായി കണക്കാക്കുന്ന 18.75 കോടി രൂപയുടെ വായ്പകളാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട് ആരെ പദ്ധതിയിൽ ഉൾപ്പെടുത്തണം, ആരെ ഒഴിവാക്കണം എന്നത് നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അർഹത സംബന്ധിച്ച് പരാതികളോ സംശയങ്ങളോ ഉള്ളവർക്ക് സമിതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. സമഗ്ര പരിശോധനയ്ക്കുശേഷം മാത്രമേ അന്തിമ പട്ടിക തയ്യാറാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് ഇതിനകം എഴുതി തള്ളിയ വായ്പകൾക്ക് പുറമേയുള്ള കടബാധ്യതകളാണ് സർക്കാർ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് നേരത്തെ എഴുതി തള്ളിയ 93 ലക്ഷം രൂപ സർക്കാർ തിരികെ നൽകും. പദ്ധതിയുടെ ഭാഗമായി 555 ഗുണഭോക്താക്കളുടെ 1,620 വായ്പകൾ എഴുതി തള്ളാനാണ് തീരുമാനം. കൃഷി, ചെറുകിട വ്യാപാരം ഉൾപ്പെടെ ആറ് മേഖലകളിലുളള ദുരിതബാധിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ ഇടപെടൽ. കടം എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന് സാധിക്കുമായിരുന്നിട്ടും അതിന് തയ്യാറാകാത്തത് കേരളത്തോടുള്ള പ്രതികാര നടപടിയാണെന്നും ഇത് മനുഷ്യത്വമില്ലാത്ത സമീപനമാണെന്നും മന്ത്രി കെ. രാജൻ വിമർശിച്ചു.
ഇതിനിടെ, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വായ്പ എഴുതിത്തള്ളാൻ നിലവിലെ നിയമങ്ങളിൽ വ്യവസ്ഥയില്ലെന്നും, അത്തരമൊരു നടപടി കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
റിസർവ് ബാങ്കിന്റെ നിലവിലെ നയപ്രകാരം ദുരന്തബാധിത മേഖലകളിൽ പോലും ബാങ്ക് വായ്പകൾ പൂർണ്ണമായി എഴുതി തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 2015ലെ ബാങ്കേഴ്‌സ് കോൺഫറൻസിൽ ഉണ്ടായ ധാരണ പ്രകാരം, ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാൻ അധികാരമില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് അനുവദിക്കാവുന്നത് മോറട്ടോറിയം പോലുള്ള ഇളവുകളേയുള്ളുവെന്നും, വായ്പ എഴുതിത്തള്ളൽ ബാങ്കുകളുടെയോ സംസ്ഥാന സർക്കാരുകളുടെയോ പരിധിയിലുളള വിഷയമാണെന്നുമാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ദുരിതബാധിതരെ കൈവിടാതെ സംസ്ഥാന സർക്കാർ കടബാധ്യത ഏറ്റെടുക്കുന്ന നടപടിയിലേക്ക് കടന്നിരിക്കുന്നത്.





Leave a Reply