ഗര്‍ഭാശയഗള കാന്‍സറിന് വാക്‌സിനേഷന്‍: ജില്ലാതല ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച്.പി.വി വാക്സിനേഷന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി. ജെ ഹാളില്‍ നടന്ന ജില്ലാതല പരിപാടി എം.എല്‍.എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 14 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് എച്ച്.പി.വി വാക്സിനേഷന്‍ നല്‍കുന്നത്. മൂന്നു മാസത്തിനകം 14 വയസ് വരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റ ഡോസ് വാക്സിന്‍ നല്‍കും. ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി 14 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിന്‍ നല്‍കും. എല്ലാ പെണ്‍കുട്ടികളെയും ഭാവിയില്‍ ഗര്‍ഭാശയഗള കാന്‍സറില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും എച്ച്.പി.വി അണുബാധയുമായി ബന്ധപ്പെട്ടവയാണ്. തുടര്‍ച്ചയായ എച്ച്.പി.വി അണുബാധ ഗര്‍ഭാശയഗള കാന്‍സറിന് കാരണമായേക്കാം. ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടാമത്തെ പ്രധാന കാന്‍സറായ ഗര്‍ഭാശയഗള കാന്‍സറിനെ തുടര്‍ന്ന് 2022 ല്‍ 79,103 പുതിയ കേസുകളും 34,805 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷം സ്ത്രീകളില്‍ പ്രതിവര്‍ഷം 11.6 രോഗബാധയും 5.1 പേര്‍ക്ക് മരണവും സംഭവിക്കുന്നതായാണ് കണക്കുകള്‍.
എച്ച്.പി.വി അണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമെ മലദ്വാര കാന്‍സര്‍, ഓറോ ഫാരഞ്ജിയല്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ ക്യാന്‍സറുകള്‍ക്കും കാരണമാകാം. സമയബന്ധിതമായ എച്ച്.പി.വി വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിങിലൂടെയും സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള എച്ച്.പി.വി വാക്‌സിനേഷന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ എന്‍.ടി.എ.ജി.ഐയും ലോകാരോഗ്യ സംഘടനയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ ലഭിക്കും. വാക്‌സിനേഷന്‍ ബുക്ക് ചെയ്യുന്നതിന് https://uwin.mohfw.gov.in/home പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആന്‍സി മേരി ജേക്കബ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ഡി.പി.എച്ച് എന്‍ മജോ ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply