April 25, 2026

വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം – എസ്ഡിപിഐ

0
IMG_20260304_104352
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

​കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി ഡിപ്പോയിൽ നിന്നും നിലവിലുണ്ടായിരുന്നതും പിന്നീട് നിർത്തിവെച്ചതുമായ പ്രധാന സ്റ്റേ സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രധാനമായും തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ, വാളാട് പ്രദേശങ്ങളിലെ സാധാരണക്കാർ ആശ്രയിച്ചിരുന്ന രാത്രി 9.00, 9.30 സമയങ്ങളിലെ മാനന്തവാടി – പേര്യ, മാനന്തവാടി – വാളാട് സ്റ്റേ സർവീസുകൾ, എടവക പഞ്ചായത്തിലെ പുതുശ്ശേരി, കല്ലോടി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്രയമായിരുന്ന മാനന്തവാടി-പുതുശ്ശേരി വളവ് സ്റ്റേ സർവീസ്,

തിരുനെല്ലി പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചിരുന്ന സ്റ്റേ സർവീസ് തുടങ്ങിയവ പുനഃസ്ഥാപിക്കാത്തത് ഉത്സവത്തിനെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

അതോടൊപ്പം കുഞ്ഞോം, നിരവിൽപ്പുഴ, പഞ്ചാരക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉത്സവത്തിന് വരാനും മടങ്ങാനും സൗകര്യപ്രദമായ സർവീസുകൾ ഇല്ലാത്തതും തിരിച്ചടിയാണ്.

​രാത്രി വൈകി മടങ്ങുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവരുടെ യാത്രാ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ആർടിസി പ്രത്യേക ശ്രദ്ധ പുലർത്തുകയും ഇവിടങ്ങളിലേക്കും ആവശ്യമായ മറ്റു ഇടങ്ങളിലേക്കും സ്പെഷ്യൽ ബസ് സർവീസുകൾ അനുവദിക്കുകയും വേണം.

ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അലി എ.കെ, സജീർ എം.ടി, നൗഫൽ പി.കെ, ആലി പി, കുഞ്ഞബ്ദുല്ല എം.ടി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *