മുട്ടിൽ അറവുമാലിന്യ സംസ്കരണ പ്ലാന്റ് : കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: മുട്ടിൽ മാനികുനി പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റ് പ്രദേശത്തെ ജനജീവിതം ദുസഹമാക്കിയെന്ന പരാതിയിൽ, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയറെയും കമ്മീഷൻ നേരിൽ കേട്ടിരുന്നു. കോടതികളുടെയോ ട്രൈബ്യൂണലുകളുടെയോ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
സ്ഥാപനത്തിൽ നിന്നും ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകിയതായി മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ദുർഗന്ധത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം അടച്ചുപൂട്ടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും അത് ക്രമരഹിതമാണെന്ന് മനസിലാക്കി തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ചു. ഇതിന് മറുപടി ലഭിച്ചിട്ടില്ല. തുടർന്ന് സ്ഥാപനത്തിന് നൽകിയ ലൈസൻസ് റദ്ദാക്കി. ഇതിനെതിരെ സ്ഥാപനയുടമ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ദുർഗന്ധമില്ലെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറഞ്ഞു.
ജില്ലാ കളക്ടർ ചെയർമാനായ ഡിസ്ട്രിക്റ്റ് ലെവൽ ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ നിരവധി തവണ പരിശോധന നടത്തി സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തി വരികയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. പ്രദേശവാസികൾ സ്ഥാപനത്തിനെതിരെ പ്രതിഷേധം തുടർന്നുവെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കൊളവയൽ ജനകീയ സമിതിക്ക് വേണ്ടി ചെയർപേഴ്സൺ വി. ഇന്ദിരയും കൺവീനർ തോമസ് ബാബുവും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.





Leave a Reply