തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം; പിന്തുണ വ്യക്തമാക്കി ആദിവാസി ദലിത് സംഘടനകളുടെ കൂട്ടായ്മ
മാനന്തവാടി : നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിന് പിന്തുണയുമായി ആദിവാസി ദലിത് സംഘടനകളുടെ കൂട്ടായ്മ. മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗം സ്ഥാനാർഥിയെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയശേഷമാണ് പിന്തുണ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രതീക്ഷിച്ചതിലും നേരത്തെയായതും മതിയായ തയാറെടുപ്പ് നടത്താനാകാത്തതുമാണ് പ്രഖ്യാപനത്തിൽനിന്ന് പിന്മാറാൻ കാരണംമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദലിത്, ആദിവാസി അവകാശങ്ങൾ അടിമുടി അട്ടിമറിച്ച ഇടതുഭരണം തുടരാതിരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത് എന്നതിനാലുമാണ് പിൻമാറുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ആദിവാസി വിഭാഗത്തിലുള്ളയാളെ സ്ഥാനാർഥിയാക്കാൻ തയാറാകാത്ത യു.ഡി.എഫ് നിലപാട് തിരുത്തണമെന്നും അവർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ 10 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ ആദിവാസികളും ദലിതുകളും കഠിനമായ പീഡനമാണ് നേരിട്ടത്. ഇനിയും ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചാൽ ദലിതുകളും ആദിവാസികളും തുടച്ചുനീക്കപ്പെടും. അതിനാലാണ് യു.ഡി.എഫിന് പിന്തുണ നൽകുന്നതെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണ നൽകും. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്കായി മാനന്തവാടി മണ്ഡലത്തിലും സുൽത്താൻ ബത്തേരിയിലും 25,000 വീതം വോട്ടുകൾ ഉണ്ട്. മുന്നണികളുടെ ജയപരാജയം നിർണയിക്കാൻ സമുദായത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദലിത് ആദിവാസി വിഷയങ്ങൾ ഉൾക്കൊള്ളുന്ന അവകാശ പത്രിക പരിഗണിക്കാമെന്ന ഉറപ്പ് യു.ഡി.എഫ് നേതൃത്വം നൽകിയിട്ടുണ്ട്. പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടകുറുമ തുടങ്ങിയ ആദിവാസി വിഭാഗത്തിൽ യോഗ്യതയുള്ളവർ ഉണ്ടായിട്ടും ഇടത്-വലത് മുന്നണികൾ ജില്ലയിലെ എസ്.ടി സ്ഥാനാർഥികളെ പരിഗണിക്കുമ്പോൾ ഈ വിഭാഗങ്ങളെ മാറ്റിനിർത്തുകയാണ്. 60 വർഷത്തിലേറെയായി ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ സാമൂഹികനീതി നിഷേധിക്കപ്പെടുകയാണ്. ഇത് വയനാട് എം.പിയായിരുന്ന രാഹുൽ ഗാന്ധിയെയും ഇപ്പോഴത്തെ എം.പിയായ പ്രിയങ്ക ഗാന്ധിയെയും കെ.പി.സി.സി നേതൃത്വത്തേയും അറിയിച്ചതാണ്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ ജാതി വിവേചനം തുടരുകയാണ്.
അതിനാൽ ഈ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ ‘രാഷ്ട്രീയ പ്രക്ഷോഭ സമിതി’ രൂപവത്കരിക്കും. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നടത്തുന്ന ആദിവാസി മാനിഫെസ്റ്റോ പ്രഖ്യാപന സമ്മേളനത്തിൽ സമിതിയെ പ്രഖ്യാപിക്കും. 10 വർഷത്തെ ഇടതു ഭരണത്തിൽ എസ്.സി, എസ്.ടി വികസന ഫണ്ട് പാഴാക്കിയത് 7411 കോടിയാണ്. ആവശ്യത്തിന് ബജറ്റ് വിഹിതം ഉണ്ടായിട്ടും വിദ്യാർഥികൾക്കുള്ള ഇ-ഗ്രാൻഡ് വിതരണം ഇടതുപക്ഷ സർക്കാർ അട്ടിമറിച്ചു. ദരിദ്രരായ ആയിരക്കണക്കിന് ആളുകൾ ഉള്ളപ്പോൾ അതിദാരിദ്ര കേരളം പ്രഖ്യാപിച്ചത് വഞ്ചനയാണ്. ഉരുൾപൊട്ടലും പ്രളയവും കാരണം ജീവിതം നഷ്ടപ്പെട്ട 500 ഓളം ആദിവാസി കുടുംബങ്ങൾക്ക് ഇപ്പോഴും പുനരധിവാസമില്ല. ആദിവാസി കുട്ടികളെ പഠിപ്പിക്കാതെ പകരക്കാരെ വെച്ച് പരീക്ഷ എഴുതിക്കുന്നു.
വയനാട്ടിലെ ഒരു സ്കൂളിൽ മാത്രം 18 ആദിവാസി വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതാതിരുന്നത്. മുണ്ടക്കൈ ടൗൺഷിപ് ഉദ്ഘാടനം ചെയ്തപ്പോൾ ഗോത്രവർഗക്കാർക്ക് ഒരു പുനരധിവാസ പാക്കേജും ഇല്ല. മക്കിമലയിലെ മൂന്ന് ഏക്കറിലെ വിദ്യാഭ്യാസ കോംപ്ലക്സ് മരവിപ്പിച്ച ഇടതുപക്ഷ സർക്കാർ, തകർന്നുവീഴാറായ ആശ്രമം സ്കൂൾ കണ്ണൂർ ജില്ലയിലെ ആറളം ഫാമിലേക്കാണ് നാടുകടത്തിയത്. മറ്റുള്ളവർക്ക് പട്ടയം കൊടുത്തിട്ടും, മരിയനാട് ആദിവാസികൾക്ക് പട്ടയം നൽകിയില്ല. പട്ടിക വർഗ വകുപ്പ് മന്ത്രിയായിട്ടും ഒ.ആർ കേളു ഒന്നും ചെയ്തില്ലെന്നും ഇവർ ആരോപിച്ചു. മണിക്കുട്ടൻ പണിയൻ, മേരി ലിഡിയ, ശ്രീജിത്ത് പി. ശശി, രമേശൻ കൊയാലിപ്പുര എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.





Leave a Reply