പ്രശസ്ത വയലിനിസ്റ്റ് പി.ജെ.ബാബു അന്തരിച്ചു
മേപ്പാടി: പ്രശസ്ത വയലിനിസ്റ്റും വയനാട് ജില്ലയിലെ പ്രമുഖ സംഗീത അധ്യാപകനുമായ മേപ്പാടി റിപ്പൺ സ്വദേശി പി.ജെ. ബാബു (ബാബു സാർ) അന്തരിച്ചു. വയനാട് ജില്ലയിൽ ഉപകരണ സംഗീത അധ്യാപകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ശിഷ്യസമ്പത്തുള്ള അദ്ദേഹം മേപ്പാടി അരപ്പറ്റ സി.എം.എസ് ഹൈസ്കൂളിൽ 27 വർഷം സംഗീത അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച അദ്ദേഹം പാലക്കാട് ഗവ. ചെമ്പൈ സംഗീത കോളേജിൽ നിന്നും കർണ്ണാടക സംഗീതത്തിൽ ഗാനഭൂഷണം നേടുകയും തുടർന്ന് വെസ്റ്റേൺ വയലിനിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. ലണ്ടൻ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് ക്ലാസിക് ഗിറ്റാറിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയ അദ്ദേഹം സൗത്ത് ഇന്ത്യയിലെ പ്രമുഖ സംഗീത ബാൻഡായ കോയമ്പത്തൂർ മല്ലിശേരി ഓർക്കസ്ട്രയിൽ ദീർഘകാലം വയലിനിസ്റ്റായി പ്രവർത്തിച്ചു.
കെ.ജെ. യേശുദാസ്, ബ്രഹ്മാനന്ദൻ, ഉണ്ണി മേനോൻ, മലേഷ്യ വാസുദേവൻ, കല്യാണി മേനോൻ, സി.ഒ. ആൻ്റോ, ടി.എം. സൗന്ദരരാജൻ, കൃഷ്ണചന്ദ്രൻ തുടങ്ങിയ പ്രശസ്ത ഗായകർക്ക് വേണ്ടി പിന്നണി ഒരുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, വിവിധ ടെലിവിഷൻ ചാനലുകൾ എന്നിവയിൽ ഒട്ടേറെ സംഗീത പരിപാടികൾ അവതരിപ്പിച്ച അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ സുജാത, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ദലീമ എന്നിവർ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ നിരവധി ശിഷ്യർ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും സി.ബി.എസ്.ഇ സഹോദയ കലോത്സവങ്ങളിലും സർവ്വകലാശാല കലോത്സവങ്ങളിലും സമ്മാനാർഹരായിട്ടുണ്ട്.
നിലവിൽ മീനങ്ങാടി ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൽപ്പറ്റ ഡി പോൾ സ്കൂൾ, മാനന്തവാടി രാഗതരംഗ്, പനമരം റിഥം ഓഫ് വയനാട്, മീനങ്ങാടി പല്ലവി കലാകേന്ദ്രം, കൽപ്പറ്റ സുവർണ്ണ രാഗം എന്നിവിടങ്ങളിൽ വയലിൻ അധ്യാപകനായി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ മേരി. മക്കൾ: മെർലിൻ, മെറിൻ. മരുമകൻ: ക്രിസ്റ്റി. സംസ്കാര ശുശ്രൂഷകൾ നാളെ റിപ്പൺ സെൻ്റ് ജോസഫ് ദേവാലയത്തിൽ നടക്കും.





Leave a Reply