വികസനത്തുടർച്ചക്കായി വോട്ടഭ്യർത്ഥിച്ച് എം.എസ്. വിശ്വനാഥൻ; ഉന്നതിയിലും ബത്തേരിയിലും ആവേശകരമായ സ്വീകരണം
ബത്തേരി: ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ പൂതാടി പഞ്ചായത്തിലെ ഇരുളം എല്ലക്കൊല്ലി ഉന്നതിയിലെ കുടുംബങ്ങളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച രാവിലെ ഉന്നതിയിലെത്തിയ സ്ഥാനാർത്ഥിയെ പ്രദേശവാസികൾ ഹൃദ്യമായി സ്വീകരിച്ചു. സാമൂഹ്യക്ഷേമ പെൻഷനടക്കം സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭിക്കുന്നുണ്ടെന്നും പെൻഷൻ തുക വർധിപ്പിച്ചത് വലിയ ഉപകാരമായെന്നും കുടുംബങ്ങൾ സ്ഥാനാർത്ഥിയോട് സന്തോഷം പങ്കുവെച്ചു. ഉന്നതിയിലെ എല്ലാ വീടുകളിലുമെത്തി വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥി തുടർന്ന് മണൽവയലിലെ വ്യാപാര സ്ഥാപനങ്ങളിലും പ്രദേശവാസികൾക്കിടയിലും പ്രചാരണം നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ പിന്തുണ സ്ഥാനാർത്ഥിയെ അറിയിച്ചു.
തുടർന്ന് ബത്തേരിയിലെ വസ്ത്ര വ്യാപാരശാല സന്ദർശിച്ച എം.എസ്. വിശ്വനാഥനെ തൊഴിലാളികളും സ്ഥാപന മേധാവികളും ചേർന്ന് വരവേറ്റു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കൂടിയായ സ്ഥാനാർത്ഥിയെ തങ്ങളിലൊരാളായി കണ്ടാണ് തൊഴിലാളികൾ വിശേഷങ്ങൾ പങ്കുവെച്ചത്. സംസ്ഥാന സർക്കാർ തൊഴിൽ മേഖലയ്ക്ക് നൽകുന്ന പരിഗണനയിൽ തൊഴിലാളികൾ സംതൃപ്തി രേഖപ്പെടുത്തി. മുൻ എൽഡിഎഫ് ഭരണസമിതികൾ ബത്തേരിയെ ശുചിത്വമുള്ള സന്തോഷ നഗരമാക്കിയപ്പോൾ, അതിനായി പ്രയത്നിച്ച തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്ന ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരെ സ്ഥാനാർത്ഥി സംസാരിച്ചു. ഇത്തരം തൊഴിലാളി വിരുദ്ധ നീക്കങ്ങളെ ചെറുത്ത് നഗരത്തെ ഡബിൾ ഹാപ്പിയാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമ്പലവയലിലെ വിവിധ സ്ഥാപനങ്ങളിലും ടൗണിലും വോട്ടർമാരെ നേരിൽ കണ്ട അദ്ദേഹം വികസന പ്രശ്നങ്ങൾ നേരിടുന്ന സ്ഥലങ്ങളിൽ ജനങ്ങളുമായി സംവദിക്കുകയും അമ്പലവയലിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയും ചെയ്തു.





Leave a Reply