വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ്
കമ്പളക്കാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മടക്കിമലയിൽ സർക്കാരിന് സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമിയിൽ ഉടൻ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ വിശദീകരിച്ചു.
2026-28 വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് അസ്ലം ബാവ (പ്രസിഡന്റ്), താരിഖ് കടവൻ (ജനറൽ സെക്രട്ടറി), സി. രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വയനാട് ജില്ലയുടെ ആരോഗ്യ മേഖലയിലെ വികസനത്തിനും സാധാരണ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും വയനാട് മെഡിക്കൽ കോളേജ് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മടക്കിമലയിൽ സർക്കാർ ഏറ്റെടുത്ത 50 ഏക്കർ ഭൂമിയിൽ ജില്ലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
350 ഓളം അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കലും ജില്ലാ സെക്രട്ടറി മഹേഷ് ഷിബിനും തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് ഷൈജൽ കുന്നത്ത് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജംഷീദ് കിഴക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി. രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി





Leave a Reply