കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും: വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്കും ‘നോളജ് വാലി’ക്കും ബജറ്റിൽ തുക വകയിരുത്തി
കല്പറ്റ: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ സർക്കാർ വകയിരുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് റാങ്കിംഗിൽ മുന്നിലുള്ള ലോകോത്തര സർവകലാശാലകളുടെ കേന്ദ്രങ്ങൾ കേരളത്തിലെത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകേണ്ട സാഹചര്യം ഒഴിവാക്കി, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിൽ തന്നെ ലഭ്യമാക്കും.
വയനാടിന് വലിയ പ്രാധാന്യം നൽകിക്കൊണ്ട്, ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിർത്താനും, അവരുടെ നൈപുണ്യത്തെ ആഗോള തൊഴിൽ വിപണിക്ക് അനുസൃതമായി വളർത്തിയെടുക്കാനുമുള്ള സമഗ്രമായ ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഉദ്ദേശിക്കുന്നത്.





Leave a Reply