June 29, 2026

സീസണായിട്ടും വാഴക്കുല വിപണി വില ഉയരുന്നില്ല; ആശങ്കയിലായി വയനാട്ടിലെ നേന്ത്രവാഴക്കർഷകർ

0
WhatsApp Image 2026-06-29 at 9.33.53 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഒരുകാലത്ത് മികച്ച വരുമാനം നൽകിയിരുന്ന വയനാട്ടിലെ നേന്ത്രവാഴ കൃഷി വീണ്ടും പ്രതിസന്ധിയിലേക്ക്. വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടും വിപണിവില ഉയരാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. ഉൽപാദനച്ചെലവ് കുതിച്ചുയരുമ്പോൾ കിലോയ്ക്ക് 34 രൂപ മാത്രമാണ് ഇപ്പോഴത്തെ നേന്ത്രക്കായുടെ വില. ഈ വിലയിൽ വിൽപ്പന നടത്തിയാൽ ഉൽപാദനച്ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

വയനാട് ജില്ലയിൽ നേന്ത്രവാഴയുടെ പ്രധാന വിളവെടുപ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. മേയ് അവസാനവാരത്തിൽ കിലോയ്ക്ക് 45 രൂപ വരെ ലഭിച്ചിരുന്ന നേന്ത്രക്കായയുടെ വില വീണ്ടും ഇടിഞ്ഞ് ഇപ്പോൾ 33 മുതൽ 34 രൂപ വരെയാണ്. ഈ വിലയിൽ വിൽപ്പന നടത്തിയാൽ ഉൽപാദനച്ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാര്യമായ നേന്ത്രക്കായ വരവ് ഇല്ലെങ്കിലും വില ഉയരാത്തത് കർഷകരെ ആശങ്കപ്പെടുത്തുകയാണ്.

കാലാവസ്ഥ വ്യതിയാനം, രാസവളങ്ങളുടെ വിലവർധന, തൊഴിലാളി ക്ഷാമം, പണിക്കൂലി വർധന, കമ്പി, കയർ, വാഴക്കുത്ത് തുടങ്ങിയ അനുബന്ധ ചെലവുകൾ എല്ലാം ചേർന്ന് വാഴകൃഷി കൂടുതൽ ചെലവേറിയതായിരിക്കുകയാണ്. ആയിരം വാഴകൾ പരിപാലിക്കാൻ ഏകദേശം രണ്ട് ലക്ഷം രൂപ വരെ ചെലവാകുന്ന സാഹചര്യത്തിൽ കിലോയ്ക്ക് കുറഞ്ഞത് 40 രൂപയെങ്കിലും ലഭിച്ചാലേ കർഷകന് ലാഭം ലഭിക്കൂ എന്നാണ് വിലയിരുത്തൽ.

വില ഇനിയും ഉയരാത്തപക്ഷം വരും ദിവസങ്ങളിൽ വിളവെടുപ്പ് കൂടുന്നതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്‌ടം നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്. കർഷക സംഘടനകൾ വന്നതോടെ വാഴക്കുല വ്യാപാരികൾ സംഘടിച്ച് വയനാട്ടിലെ വാഴക്കുലകൾക്ക് ഏകീകൃത വില കൊണ്ടു വന്നിട്ടുണ്ട്. ഇത് വയനാട്ടിലെ കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തൊട്ടയൽ ജില്ലകളിൽ മികച്ച വില വാഴക്കുലകൾക്ക് ലഭിക്കുമ്പോൾ വയനാട്ടിൽ തുച്‌ഛമായ വിലയാണ് കിട്ടുന്നതെന്ന് കർഷകർ പറയുന്നു. ഓണമടുക്കുന്നതോടെ നേന്ത്രവാഴക്കുലയ്ക്ക് ആവശ്യക്കാരേറും. ഈ ആവശ്യം മുന്നിൽ കണ്ട് കർഷകർ വാഴക്കൃഷിയിൽ വർദ്ധന വരുത്തിയിട്ടുമുണ്ട്. എന്നാൽ വിലക്കുറവ് ഓണവിപണിയിൽ നിന്ന് തങ്ങൾ പ്രതീക്ഷിച്ച വരുമാനം നേടിത്തന്നേക്കില്ലെന്ന ആശങ്കയും ഇവർക്കുണ്ട്.

ഉൽപാദനച്ചെലവ് വർധിക്കുകയും വിപണിവില താഴ്ന്നുനിൽക്കുകയും ചെയ്യുന്നത് വാഴക്കൃഷിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കർഷകന് ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. അല്ലാത്തപക്ഷം അടുത്ത കൃഷി സീസണിൽ പലരും നേന്ത്രവാഴ കൃഷിയിൽ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയാണ് കാർഷിക മേഖലയിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *