July 8, 2026

മേപ്പാടി മണ്ണിടിച്ചിൽ: സുരക്ഷയും പട്രോളിംഗും ശക്തമാക്കി പോലീസ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

0
IMG_20260708_205320
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കനത്ത മണ്ണിടിച്ചിൽ ഉണ്ടായ മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷയും പട്രോളിംഗും പോലീസ് ശക്തമാക്കി. ദുരന്ത വിവരം അറിഞ്ഞയുടൻ വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ നിർദേശപ്രകാരം മേപ്പാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ ജെയ്സൻ, സിവിൽ പോലീസ് ഓഫിസർമാരായ ജബലു റഹ്മാൻ, പ്രദീപ്, നവീൻ എന്നിവർ നാട്ടുകാർക്കൊപ്പം ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം ആരംഭിച്ചത്. വടം കെട്ടി പാലത്തിന് അപ്പുറത്ത് കുടുങ്ങിക്കിടന്ന ആളുകളെ ഇപ്പുറത്ത് എത്തിക്കുകയും അപകട ഭീതിയിലുള്ള പരിസര പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനൊപ്പം വയനാട് ജില്ലാ പോലീസ് മേധാവിയും കൂടുതൽ പോലീസ് സേനാംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസും ദുരന്തഭൂമി സന്ദർശിച്ചു. നിലവിൽ ഇവരുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലയിലെ ഡിവൈ.എസ്.പിമാർ, സ്റ്റേഷൻ എസ്.എച്ച്.ഒ മാർ, ജില്ലക്കകത്തും പുറത്തുമുള്ള മറ്റു പോലിസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ ദുരന്തമുഖത്തും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. വെഹിക്കിള്‍ പട്രോളിങ്, ട്രാഫിക് കണ്ട്രോള്‍, ദുരന്ത മേഖലയിലെ തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളാണ് ഇവർ നിർവഹിക്കുന്നത്. 24 മണിക്കൂറും മേഖലകളിൽ പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

 

ദുരന്ത പശ്ചാത്തലത്തിൽ വയനാട് പോലീസ് കടുത്ത മഴക്കാല ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകളും രാത്രികാല യാത്രകളും കഴിയുന്നത്ര ഒഴിവാക്കണമെന്നും മണ്ണിടിച്ചില്‍ സാധ്യതയുള്ള മലഞ്ചെരിവുകള്‍, കുന്നിന്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ സമീപത്ത് വാഹനങ്ങൾ പാര്‍ക്ക് ചെയ്യരുത്. ശക്തമായ കാറ്റിലും ഇടിമിന്നലിലും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടേണ്ടതാണ്. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം. ദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും അവരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *