പൂതാടി പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ
പുൽപ്പള്ളി: പൂതാടി ഗ്രാമപ്പഞ്ചായത്തിലെ കഴിവുകെട്ട ഭരണ നേതൃത്വം അടിയന്തരമായി രാജിവെക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളും മുൻ സി.പി.എം. നേതാക്കളുമായ എ.വി. ജയൻ, എ.എം. പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2025 ഡിസംബറിൽ അധികാരത്തിൽ വന്ന ഭരണസമിതി, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 32 യോഗങ്ങൾ നടത്തിയതല്ലാതെ മറ്റു വികസനപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഇവർ ആരോപിച്ചു. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ 21-ാം സ്ഥാനത്തുള്ള പൂതാടി പഞ്ചായത്തിന്, 2025-26 വർഷത്തെ പദ്ധതികൾ സമയബന്ധിതമായി നിർവഹിക്കാത്തതിനാൽ പ്ലാൻ ഫണ്ടിൽനിന്ന് മാത്രം 1.34 കോടി രൂപ നഷ്ടമായി. കഴിഞ്ഞ ഭരണസമിതി 50 ലക്ഷം രൂപ മുടക്കി നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് പദ്ധതി, കൃത്യസമയത്ത് പണം നൽകാത്തതിനാൽ മുടങ്ങി. പുതിയ ഭരണസമിതി വന്ന ശേഷം ഒരു തെരുവുവിളക്ക് പോലും സ്ഥാപിക്കാനോ കുടിവെള്ള വിതരണം നടത്താനോ സാധിച്ചിട്ടില്ലെന്നും കെട്ടിട പെർമിറ്റുകൾ നൽകുന്നതിൽ മാസങ്ങളുടെ കാലതാമസം നേരിടുന്നുണ്ടെന്നും ഇവർ കുറ്റപ്പെടുത്തി.
കേണിച്ചിറ ടൗണിലെ യുവപ്രതിഭാ റോഡ്, മില്ല് മുക്ക് റോഡ് എന്നിവ കോൺക്രീറ്റ് ചെയ്യാൻ 2026 മേയ് 30-ന് ഭരണസമിതി തീരുമാനിച്ചെങ്കിലും, ജൂലൈ ഒൻപതിനാണ് പ്രസിഡന്റ് ഈ തീരുമാനം എ.ഇ.യ്ക്ക് കൈമാറിയത്. ഒന്നര മാസത്തോളം ഈ ഫയൽ വൈകിപ്പിച്ചത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണെന്നും ഇതുമൂലം റോഡിലൂടെ ജനങ്ങൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു. കൂടാതെ, സി.പി.എം. ഭരണനേതൃത്വം ബി.ജെ.പി.യുമായി പരസ്യമായ കൂട്ടുകെട്ടിലാണെന്നും പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്, താൽക്കാലിക നിയമനങ്ങൾ, ഗാന്ധിനഗർ വാർഡിലെ കുടുംബശ്രീ എ.ഡി.എസ്. തിരഞ്ഞെടുപ്പ്, ധനകാര്യ സ്ഥിരംസമിതിയിലെ വനിതാ ഒഴിവ് നികത്തൽ എന്നിവയിലെല്ലാം ഈ കൂട്ടുകെട്ട് വ്യക്തമാണെന്നും ഇവർ ആരോപിച്ചു. ജില്ലയിലെ മറ്റു പഞ്ചായത്തുകൾ സ്പിൽഓവർ പ്രവൃത്തികൾക്ക് അംഗീകാരം വാങ്ങി ഗ്രാമസഭകൾ പൂർത്തിയാക്കിയപ്പോൾ പൂതാടിയിൽ ഇതിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളൂവെന്നും ജനങ്ങൾക്ക് ബാധ്യതയായ ഭരണസമിതി എത്രയും വേഗം രാജിവെച്ച് ഒഴിയണമെന്നും ഇരുവരും ആവശ്യപ്പെട്ടു.





Leave a Reply