പൊലീസുകാരനെ മർദിച്ച കേസ്: കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസിനെതിരെ കേസെടുത്തു
കൽപ്പറ്റ: നീറ്റ്-യുജിസി പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ച കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെതിരെ പൊലീസ് കേസെടുത്തു. മർദനമേറ്റ വൈത്തിരി പ്രൊബേഷൻ എസ്.ഐ ബേസിൽ പോളിന്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവ്വണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി കൽപ്പറ്റ പൊലീസാണ് കേസെടുത്തത്.
ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിന് മുന്നിൽ വെച്ച് പൊലീസുകാർ മാർച്ച് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധക്കാരെ ഗേറ്റിന് മുന്നിൽ തടയാൻ പൊലീസ് ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലുണ്ടായ വാക്കേറ്റത്തിനിടെ ഗൗതം കൈനീട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിനിടെ പൊലീസുകാരൻ തന്നെ ആദ്യം പിടിച്ച് തള്ളിയപ്പോൾ തിരിച്ചു തള്ളുക മാത്രമാണ് ചെയ്തതെന്നാണ് ഗൗതമിന്റെ വിശദീകരണം. സമരാന്തരീക്ഷത്തിലെ തള്ളിനിടയിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.





Leave a Reply