വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്രമങ്ങൾ തടയണം;ജില്ലാ പോലീസ് മേധാവിക്ക് യങ് ഡെമോക്രാറ്റ്സ് നിവേദനം നൽകി
കൽപ്പറ്റ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി അക്രമങ്ങൾ തടയാനാവശ്യമായ നടപടികൾ അടിയന്തിരമായി കൈ കൊള്ളണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി. അക്രമിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരാതിപ്പെടാൻ കഴിയുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആന്റി റാഗിങ് സെല്ലുകളുടെയും കമ്മിറ്റികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കണം, ബോധവത്കരണം, നിരന്തര നിരീക്ഷണം, കൗൺസിലിങ്, രഹസ്യ പരാതി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും പരാതികളിൽ അടിയന്തരമായി അന്വേഷണം നടത്തുകയും വേണം.
റാഗിങ്ങിനും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിനും നേതൃത്വം നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. പരാതികൾ അവഗണിക്കുന്ന സ്ഥാപന അധികൃതർക്കെതിരെയും നടപടി ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് അജ്നാസ് പി കെ, മുഹമ്മദ് ആഷിഖ് പി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.





Leave a Reply