ചുരമില്ലാ ബദൽപാതയ്ക്കായി മൂന്ന് ജില്ലകൾ കൈകോർത്തു; വിലങ്ങാട്–കുഞ്ഞോത്ത് റോഡിനായി ജനകീയ കമ്മിറ്റി
വെള്ളിയോട്: അരനൂറ്റാണ്ടായി ഉയരുന്ന ആവശ്യമായ വിലങ്ങാട് നിന്നും കുഞ്ഞോത്തേക്കുള്ള ചുരമില്ലാത്ത ബദൽപാതയ്ക്കായി മൂന്ന് ജില്ലകളിലെ ജനപ്രതിനിധികളും നാട്ടുകാരും ഒരുമിച്ചു. വെള്ളിയോട് ദാറുസലാം കോളേജ് ഗ്രൗണ്ടിൽ നടന്ന ജനകീയ കൺവൻഷനിൽ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. മൂന്ന് ജില്ലകളുടെയും വികസനസ്വപ്നങ്ങൾക്ക് ചിറകേകുന്ന ബദൽപാതയ്ക്കായി ഒറ്റക്കെട്ടായി തുടർപ്രവർത്തനങ്ങൾ നടത്താൻ കൺവൻഷൻ തീരുമാനിച്ചു. ഷാഫി പറമ്പിൽ എം.പി. കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലേക്കുള്ള തുരങ്കപാത ഉൾപ്പെടെയുള്ള പദ്ധതികളുടെ നിർമാണത്തിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ ബദൽപാത അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ ആകാശപ്പാത നിർമിക്കുന്നതിനുള്ള അനുമതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി അനുമതികളും സാങ്കേതിക നടപടികളും ആവശ്യമായ വഴിയിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും ജനങ്ങൾ ഒരുമിച്ച് രംഗത്തിറങ്ങുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും എം.പി. കൂട്ടിച്ചേർത്തു.
കെ.എം. അഭിജിത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഉടൻ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ കൺവൻഷൻ തീരുമാനിച്ചു. ഇതിനുള്ള ചുമതല കെ.എം. അഭിജിത്ത് എം.എൽ.എ.യ്ക്ക് നൽകി.
ബദൽപാതയ്ക്കായി പ്രാഥമിക പരിശോധന നടത്തുന്നതിനും ഇതിനായി ഫണ്ട് അനുവദിക്കുന്നതിനും തുടർന്ന് വിദഗ്ധ റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനും തീരുമാനമായി.
കെ.എം.അഭിജിത്ത് എം.എൽ.എ.യുടെ നേത്യത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ബദൽ റോഡിന്റെ പ്രവർത്തനങ്ങൾക്കായി കെ.എം.അഭിജിത്ത് എം.എൽ.എ ചെയർമാനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് കൺവീനറും വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രദീപ്കുമാർ ട്രഷറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. എം.പി.മാരായ പ്രിയങ്കഗാന്ധി, ഷാഫി പറമ്പിൽ, ഉഷ വിജയൻ എം.എൽ.എ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. എം.എൽ.എ.മാരായ ഐ.സി.ബാലക്യഷ്ണൻ, അഡ്വ:കെ.പ്രവീൺകുമാർ, പാറക്കൽ അബ്ദുല്ല, കെ.കെ.രമ, പി.കെ.പ്രവീൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.കെ.സുബൈർ,സൂപ്പി നരിക്കാട്ടേരി,സി.വി.എം.വാണിമേൽ, ജമാൽ കോരങ്കോട്ട്, വൈസ് ചെയർമാൻമാരായി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ ജനറൽ കൺവീണർമാരുമായി നിയമിച്ചു.
യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷിരാമൻ,തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി.പ്രദീഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.പ്രദീപ്കുമാർ(വാണിമേൽ), അഹമ്മദ് പുന്നക്കൽ(ചെക്യാട്),എം.കെ.സഫീറ(നാദാപുരം), പ്രമോദ് മാസ്റ്റർ (തൊണ്ടർനാട്), വയനാട് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ സൽമ മോയിൻ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply