മുള്ളൻകൊല്ലിയിൽ എംഎൽഎ ഹെൽപ്പ് ഡെസ്ക് കോൺഗ്രസ് ഓഫീസിൽ ആരംഭിച്ചത് പരിഹാസ്യമെന്ന് സിപിഐഎം
കൽപ്പറ്റ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഹെൽപ്പ് ഡെസ്ക് കോൺഗ്രസിന്റെ മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി ഓഫീസിൽ തുടങ്ങിയത് പരിഹാസ്യമാണെന്ന് സിപിഐഎം മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഡിസിസി പ്രസിഡന്റ് ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മുൻപ് ഈ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നു വന്നതാണെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന മുള്ളൻകൊല്ലി സർവീസ് സഹകരണ ബാങ്കിൽ അനധികൃത നിയമനം നടത്തി ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ കോഴ വാങ്ങിയാണ് ഓഫീസ് നിർമ്മിച്ചതെന്നും നേതാക്കൾ ആരോപിച്ചു. നിലവിൽ തുറന്നു പ്രവർത്തിക്കാത്ത പാർട്ടി ഓഫീസിൽ ഹെൽപ്പ് ഡെസ്കിന്റെ ബോർഡ് മാത്രമാണുള്ളത്. ജനങ്ങൾക്ക് ഔദ്യോഗിക പരാതിയുമായി എംഎൽഎയെ കാണാൻ പാർട്ടി ഓഫീസിൽ പോകേണ്ട അവസ്ഥയാണുള്ളതെന്നും ഇതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽത്തന്നെ വലിയ അമർഷമുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.
വർഷങ്ങളായി എംഎൽഎയായി തുടരുന്ന ഐ.സി. ബാലകൃഷ്ണന് മണ്ഡലത്തിലെവിടെയും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നില്ല. വരും ദിവസങ്ങളിൽ ഇതേ മാതൃകയിൽ മറ്റ് സ്ഥലങ്ങളിലെ കോൺഗ്രസ് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് തുടങ്ങാനാണ് എംഎൽഎയുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നീക്കം. ഇതിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യോഗത്തിൽ ലോക്കൽ സെക്രട്ടറി സി.പി. വിൻസെന്റ്, ഭാസി കക്കൂത്തനാൽ, അനീഷ് ബി., കെ.വി. ജോബി, പി.ജെ. പൗലോസ് എന്നിവർ സംസാരിച്ചു.





Leave a Reply