September 15, 2026

ഫാഷൻ ലോകത്തെ ‘വണ്ടർ കിഡ്’: രാജ്യാന്തര വേദികളിലേക്ക് ചുവടുവെക്കാൻ മൂന്നുവയസ്സുകാരൻ എറിക് ഷിജോ ജോൺ

0
IMG_20260915_131321
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കളിപ്പാട്ടങ്ങളോട് കൂട്ടുകൂടുന്ന പ്രായത്തിൽ രാജ്യത്തെ പ്രമുഖ ഫാഷൻ റാംപുകളിൽ ക്യാറ്റ് വാക്ക് ചെയ്ത് റെക്കോർഡുകൾ തീർക്കുകയാണ് എറിക് ഷിജോ ജോൺ എന്ന മൂന്നുവയസ്സുകാരൻ. ഫാഷൻ ലോകത്ത് ‘ജീവാ’ എന്ന് അറിയപ്പെടുന്ന എറിക്, എൺപത്തഞ്ചിലധികം റൺവേകൾ, 35-ലധികം ഡിസൈനർ ഷോകൾ, 29 തവണ ഷോ സ്റ്റോപ്പർ പദവി, പത്തോളം ദേശീയ-സംസ്ഥാന ടൈറ്റിലുകൾ എന്നിവയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ കുട്ടി മോഡലുകളിലൊരാളായി മാറിയിരിക്കുകയാണ്.

 

വയനാട് മുള്ളൻകൊല്ലി സ്വദേശിയായ ഷിജോ ജോണിന്റെയും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദൃശ്യയുടെയും രണ്ടാമത്തെ മകനാണ് എറിക്. നിലവിൽ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഈ കുടുംബത്തിൽ ഫാഷൻ പശ്ചാത്തലമുള്ളവരാരും ഉണ്ടായിരുന്നില്ല. ഹെയർ സ്റ്റൈലിസ്റ്റായ അച്ഛൻ ഷിജോയും അമ്മ ദൃശ്യയും, ഒന്നര വയസ്സുള്ളപ്പോൾ മാളുകളിലെ സ്റ്റേജുകളിലും ലൈറ്റുകളിലും എറിക് കാണിച്ച പ്രത്യേക താല്പര്യം തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

 

കോഴിക്കോട് എംരിട്സ് ഫാഷൻ കമ്പനിയിലെ അൻഷദ് അസീസ് ആണ് രണ്ടാം വയസ്സിൽ ഏറീക്കിനെ വേദിയിലെത്തിക്കുന്നത്. 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ കാറ്റഗറിയിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നിട്ടും സബ്‌ടൈറ്റിൽ നേട്ടത്തോടെ അവൻ തിളങ്ങി. തുടർന്ന് കേരളം, ബെംഗളൂരു, ഗോവ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ വൻകിട ഫാഷൻ ഷോകളിൽ സ്ഥിരം സാന്നിധ്യമായി. മൂന്ന് വയസ്സ് തികയുന്നതിന് മുൻപ് തന്നെ മുംബൈയിൽ വച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലിനുള്ള ‘യങ്ങസ്റ്റ് മോഡൽ അവാർഡ്’ എറിക് സ്വന്തമാക്കി. കിഡ് ഓഫ് ട്രാവൻകൂർ, മിസ്റ്റർ ജൂനിയർ ഇന്ത്യ, ലിറ്റിൽ പ്രിൻസ് കർണാടക, ഫാഷൻ കിഡ് മൈസൂർ, ബെസ്റ്റ് കിഡ് മോഡൽ 2026, ഐക്കൺ ഓഫ് ഇന്ത്യ പ്രോഡിജിയസ് കിഡ് അവാർഡ് തുടങ്ങി നിരവധി ടൈറ്റിലുകളും നേടി.

 

മോഡലിങ്ങിന് പുറമേ ബുദ്ധിശക്തിയിലും മുന്നിലുള്ള എറിക് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’, ‘ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സ്’ (മൾട്ടി ടാലന്റഡ് കാറ്റഗറി) എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. എറിക്കിന്റെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബം ‘ഏറീക് കൾട്ടീവ് സ്റ്റുഡിയോ’ എന്ന പേരിൽ ബ്രാൻഡ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2026 ഒക്ടോബർ 3, 4 തീയതികളിൽ തിരുവനന്തപുരം സെന്റ് സേവ്യർ കോളജിൽ വച്ച് ‘ഏറീക്’ ബ്രാൻഡിന്റെ ഫാഷൻ ഷോ സംഘടിപ്പിക്കുന്നുണ്ട്.

 

തൻവിൻ താജ് പരിശീലകനും, ഷമീർ ബിൻ കാരേം വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. എൻട്രീക് ഷിജോ ആണ് ജ്യേഷ്ഠൻ. നാല് വയസ്സ് തികയുന്നതോടെ ഏറീക്കിനെ രാജ്യാന്തര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും ലോക ഫാഷൻ വേദികളിൽ ഇന്ത്യയുടെ പതാക ഉയർത്താനുമാണ് കുടുംബത്തിന്റെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *