October 28, 2026

സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി നൂൽപ്പുഴ

0
2f40a788-3760-4620-bfb0-5dc983607d11
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപ്പുഴ: ശാസ്ത്രീയമായ മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന നേട്ടം നൂൽപ്പുഴ സ്വന്തമാക്കി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന ശശീന്ദ്രൻ ഇ-മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നിര്‍വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 5,423 കിലോഗ്രാം ഇ-മാലിന്യമാണ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ശേഖരിച്ചത്. ഒന്നാംഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 2,028 കിലോഗ്രാമും ഇ-മാലിന്യം ശേഖരിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖിന്റെ പദ്ധതിയായ ‘ഭൂമി കോൺക്ലേവിന്റെ’ ഭാഗമായി നടപ്പാക്കുന്ന ഇ-മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായാണ് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇ-മാലിന്യശേഖരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ജില്ലയെ സമ്പൂർണ ഇ-മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മുന്നേറ്റം. ഇ-മാലിന്യത്തിന്റെ അശാസ്ത്രീയ സംസ്കരണം തടയുകയും ശാസ്ത്രീയമായ കൈമാറ്റം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ നാട് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന നേട്ടം കൈവരിക്കുന്നതിനൊപ്പം അത് ദീർഘകാലം നിലനിർത്തുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നതായി പരിപാടിയുടെ അധ്യക്ഷ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ പറഞ്ഞു. തുടർ ഇ-മാലിന്യശേഖരണം, പൊതുജന ബോധവൽക്കരണം, ജനപങ്കാളിത്തം ഉറപ്പാക്കൽ, ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കായി തുടർപ്രവർത്തനങ്ങളും ഏകോപിപ്പിക്കും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിൽ ഹരിതകർമ്മസേനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർണായക പങ്കുവഹിച്ചു. പൊതുജനങ്ങളുടെ സഹകരണവും പ്രവർത്തനങ്ങൾക്ക് കരുത്തായി.

എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടർ പി.സി. മജീദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി കൈനിക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ അനൂപ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ഇസ്മായിൽ, ജില്ലാ പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സജീഷ് കുമാർ, പ്രോഗ്രാം ഓഫീസർ അനൂപ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി.ആര്‍ നിതീഷ് എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *