September 4, 2026

വൻകിട കൈയ്യേറ്റങ്ങൾ : ജുഡീഷ്യൽ അന്വേഷണം വേണം: വി.എം. സുധീരൻ .

0
By ന്യൂസ് വയനാട് ബ്യൂറോ

ഹാരിസൺ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ നിയമവിരുദ്ധമായി കൈയടക്കിയിട്ടുള്ളതും അനധികൃതമായി മറിച്ചുവിറ്റതുമായ സർക്കാർ ഭൂമിയിൽ നിന്നും കരം സ്വീകരിക്കാനും മരം മുറിക്കാനും അനുവാദം നൽകുന്ന നിലയിലുള്ള സർക്കാർ നടപടികളുടെ പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയാണ് നടന്നിട്ടുള്ളത്.

കരം സ്വീകരിക്കുന്നതിലൂടെ ഇല്ലാത്ത ഉടമസ്ഥാവകാശം ഹാരിസണും കൂട്ടർക്കും നൽകുന്നതിന് നിയമപ്രാബല്യം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഫലത്തിൽ 5.5 ലക്ഷം ഏക്കറോളം വരുന്ന സർക്കാർ ഭൂമി വൻകിട കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്ന നടപടിയാണിത്.

സർക്കാർ ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന ഹാരിസൺ ഉൾപ്പെടെയുള്ളവരുടെ നടപടികളെ ചോദ്യം ചെയ്യാതെ അതിനെല്ലാം കൂട്ടുനിൽക്കുന്ന സർക്കാർ അഭിഭാഷകർ സർക്കാരിൻറെ ഇംഗിതപ്രകാരമാണ് ഇതിനെല്ലാം തയ്യാറാകുന്നത്.

നിയമവിരുദ്ധമായി തങ്ങളുടെ പക്കലുള്ള ഭൂമി സ്വന്തമാണെന്ന് വരുത്തിത്തീർക്കുന്ന രീതിയിൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷയിൽ ഹാരിസണിന്റെ വാദങ്ങൾ ചോദ്യം ചെയ്യാതെ മരംമുറിക്കാൻ അനുമതി നൽകപ്പെട്ടത് തികച്ചും ദുരൂഹമാണ്.

ഭരണഘടനയെയും നിയമവ്യവസ്ഥയെയും ഇത്ര നഗ്നമായി നോക്കുകുത്തിയാക്കുന്ന ഇത്തരം ഗൂഢനീക്കങ്ങൾ നടക്കുന്നത് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിലാണെന്നത് കേരളത്തിനു തന്നെ അപമാനകരമാണ്.

ഭൂരഹിതർക്കും പാവങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇരു  കമ്യൂണിസ്റ്റ് പാർട്ടികളും നയിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ കീഴിലാണ് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ വൻ ക്രമക്കേടും അഴിമതിയും നടക്കുന്നത്.

ഈ 'വൻ ഭൂമി ഇടപാട്' സർവതലത്തിലും അന്വേഷിക്കപ്പെടണം. മുഖ്യമന്ത്രി, റവന്യൂമന്ത്രി ഉൾപ്പെടെയുള്ള അധികാരികളുടെയും മുൻ റവന്യൂ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, കൊല്ലം കളക്ടർ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരുടെയും ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിൽ ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകർക്ക് വന്നിട്ടുള്ള വീഴ്ചകളെയും മുൻ സർക്കാരിൻറെ കാലത്ത് ഹൈക്കോടതിയിൽ നേടിയ സർക്കാർ അനുകൂല വിധികൾ ഇപ്പോൾ ഹൈക്കോടതിയിൽ എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നതിനെയും കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം.

ഇതിൽ ഉൾപ്പെട്ട അഴിമതിയുടെ വ്യാപ്തിയും പ്രാധാന്യവും കണക്കിലെടുത്ത് സുപ്രീംകോടതിയുടെ സിറ്റിംഗ് ജഡ്ജി, സുപ്രീം കോടതിയുടെ തന്നെ റിട്ടയർഡ് ചീഫ് ജസ്റ്റിസ് എന്നീ തലത്തിലുള്ള ഉന്നത ജുഡീഷ്യൽ അന്വേഷണമാണ് അഭികാമ്യമായിട്ടുള്ളത്.

ഇത്തരത്തിലൊരു ഉന്നതതല ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറായേ മതിയാകൂ.

അതില്ലെങ്കിൽ പാവങ്ങളെയും ഭൂപരിഷ്കരണത്തെത്തെയും അഴിമതിയെയും കുറിച്ച് സംസാരിക്കാനുള്ള ഇരു കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും അർഹതയാണ് എന്നന്നേക്കുമായി നഷ്ടപ്പെടുന്നത്. ഇക്കൂട്ടരുടെ ഇത്തരത്തിലുള്ള ഇരട്ടത്താപ്പും ജനവഞ്ചനയും തിരിച്ചറിയുന്ന ജനങ്ങൾ ശക്തമായി പ്രതികരിക്കും, തീർച്ച.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *