ഭൂമാഫിയ കൈയ്യടക്കാൻ ശ്രമിക്കുന്ന കുറുമ്പാലക്കോട്ടക്കെന്താണ് ഇത്ര പ്രാധാന്യം ? യുവ കവി ജിത്തു തമ്പുരാൻ എഴുതുന്നു.
കുറുമ്പാലക്കോട്ട വെറുമൊരു ഉദയം കാണാനുള്ള കുന്നല്ല, അവിടെ പടിഞ്ഞാറത്തറ, കോട്ടത്തറ, ഒരു പരിധി വരെ പനമരം എന്നീ പഞ്ചായത്തുകളുടെ വയൽ സമൃദ്ധിയുടെ ജലസംഭരണിയാണ് … ഇതിന്റെ ഉൽപ്പത്തിയെക്കുറിച്ച് ഒരു പൗരാണിക കഥതന്നെയുണ്ട് ….അത് അറിയുന്നതിന് അങ്ങ് ദ്വാപരയുഗത്തിലെ പാണ്ഡവ കഥയോളം തന്നെ പോകാനുണ്ട് …
പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ വഴി സഞ്ചരിച്ചപ്പോൾ ദ്രൗപദിയായ പാഞ്ചാലിക്ക് കുളിച്ചുപചരിച്ച് കർമ്മങ്ങൾ ചെയ്യാൻ ചിറയൊന്നും കണ്ടു പിടിക്കാൻ പറ്റിയില്ല … ഒടുവിൽ, പഞ്ച പാണ്ഡവരിൽ മഹാശക്തനായ ഭീമൻ എന്തോ ഒരായുധമെടുത്ത് കുപ്പാടിത്തറ കുറുമണിയുടെ ആ മണ്ണിൽ ആഞ്ഞൊരു കൊത്ത് .. എന്നിട്ട് ആ മണ്ണ് വലിച്ചൊരേറ് …. ആ കൊത്തിയ സ്ഥലം മുറിപ്പുഴ എന്ന വലിയ തലക്കുളവും ആ മണ്ണ് കുറുമ്പാലക്കോട്ട എന്ന വലിയ കുന്നും ആയിത്തീർന്നു എന്ന് ഒരൈതിഹ്യമുണ്ട് …. മുറിപ്പുഴ ഏതാനും സ്വകാര്യ വ്യക്തികൾ അതിരു മാന്തിക്കൈയേറിയിട്ട് ഉത്തരവാദിത്തപ്പെട്ട റവന്യൂ അധികൃതർ ഒരക്ഷരം മിണ്ടാതെ ഒത്താശ പാടാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടുണ്ട് …
കുറുമ്പാലക്കോട്ടയ്ക്ക് താഴെ വയനാട്ടിന്റെ തന്നെ നെൽസമൃദ്ധി അളക്കുന്ന വയൽ പ്രദേശങ്ങളാണ് ഉള്ളത് … ഏച്ചോം വിളമ്പുകണ്ടം, മലങ്കര, കുറുമണി,കോട്ടത്തറ ,എന്നീ വയൽ ഭാഗങ്ങൾ വയനാടിന്റെ പ്രധാന നെല്ലറയായി പരിലസിക്കുന്ന കാര്യം അത്ര രഹസ്യമല്ല …. പക്ഷേ, ടൂറിസം എന്ന മൂടുപടം പുതപ്പിച്ച് അതിന്റെ മറവിൽ റിസോർട്ടുകൾ പണിതു കൂട്ടാനുള്ള പണക്കൊതിയുടെ വ്യഗ്രതയിൽ പലരും കുറുമ്പാലക്കോട്ടയുടെ പ്രകൃതിയെ നശിപ്പിക്കുകയായിരുന്നു … വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേക്കാളും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കേണ്ട ഈ ഭാഗങ്ങളിൽ റിസോർട്ടുകൾ പണിയാനുള്ള അനുമതി കൊടുത്തത് ഏതു മാനദണ്ഡത്തിന്റെ കീഴിൽ ഏത് ഉണ്ണാക്കൻ ഓഫീസറാണ് എന്ന കാര്യം അന്വേഷണ വിധേയമാക്കാനുണ്ട് ….
വർഷങ്ങളുടെ ആവാസ വ്യവസ്ഥയുടെ ഭാഗമായി കുറുമ്പാലക്കോട്ടയുടെ ഉച്ചിയിൽ താമസിച്ച നിരവധി മയിൽക്കൂട്ടങ്ങൾ പരിസ്ഥിതി കൈയേറ്റത്തിൽ കൂടും ഇടവും നഷ്ടപ്പെട്ട് മലയിറങ്ങി വന്ന് മുണ്ടക്കുറ്റി പ്രദേശത്തെ ചില കാപ്പിത്തോട്ടങ്ങളിലൊക്കെ തമ്പടിച്ചിട്ടുണ്ട് എന്ന കാര്യവും മറക്കരുത് … പ്രകൃതി ചൂഷണത്തിന്റെ ഏറ്റവും വൃത്തികെട്ടതും അപകടം പിടിച്ചതുമായ ഒരു മുഖമാണ് അവിടെ കണ്ടത് ….
ഇതിനൊക്കെപ്പുറമേയാണ് 2018 ഏപ്രിൽ 02 ന് കേരള സംസ്ഥാന ഭരണപങ്കാളിയായ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയിൽ കുറുമ്പാലക്കോട്ടയിലെ ഏക്കർ കണക്കിന് സർക്കാർ ഭൂമി കൈയേറിപ്പോയിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ വരുന്നത് …. ഇത് തമാശയായി കാണരുത് … ഒരു ജില്ലയുടെ മൊത്തം ജലസമൃദ്ധിയുടെയും ഔഷധസസ്യ സമൃദ്ധിയുടെയും അത്യപൂർവ്വപ്പെട്ട പക്ഷിമൃഗ സഞ്ചയങ്ങളുടെയും ഈറ്റില്ലമായ കുറുമ്പാലക്കോട്ടയെ സംരക്ഷിക്കാനുള്ള നടപടികളുമായി സ്ഥലം എം.എൽ.എ അടക്കമുള്ളവർ തന്നെ മുന്നോട്ടുവരണം … ഇല്ലെങ്കിൽ മറ്റൊരു പരിസ്ഥിതി ദുരന്തത്തിന് സാക്ഷ്യം വഹിക്കാൻ പോലും ജനങ്ങളിൽ ഭൂരിഭാഗവും ജീവനോടെ ഉണ്ടായെന്നു വരില്ല ….
രാഷ്ട്രീയ കക്ഷികൾ അത്യാഗ്രഹം ഉപേക്ഷിക്കണം … കൈയേറ്റങ്ങളെ തെരഞ്ഞുപിടിച്ച് ഒഴിപ്പിക്കണം …. റവന്യൂ ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളത്തോട് പത്തു ശതമാനമെങ്കിലും കൂറു കാണിക്കണം …. ബഹുമാന്യരേ, ഇനിയും നിങ്ങൾ ഈ നാടിനെ ഒറ്റുകൊടുക്കരുത് …
#സേവ്_കുറുമ്പാലക്കോട്ട (#Save_Kurumbalakkotta ) എന്നൊരു ക്യാംപെയിനിന് നമുക്ക് തുടക്കമിടാം … ഓരോരുത്തരും അനുഭാവപൂർവ്വം തന്നെ ഇതിനെ പരിഗണിക്കണം … ഇല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ വെള്ളവും വായുവും കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദാരുണക്കാഴ്ച നാം കാണേണ്ടി വരും എന്ന സത്യത്തെ ഭീതിയോടെ ഓർമ്മിപ്പിക്കുന്നു …
(ജിത്തു തമ്പുരാൻ ഫെയ്സ് ബുക്കിൽ എഴുതിയത്)






Leave a Reply