രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല
തിരുവനന്തപുരം: രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. നാളെ മുതല്‍ നാല് ദിവസമാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക.
ശനി, ഞായര്‍ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം. ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാല്‍ നേരിട്ട് ബാങ്കില്‍ ചെല്ലേണ്ടവര്‍ക്കും ഓണ്‍ലൈന്‍ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും.
മാര്‍ച്ച് 28, 29 തീയതികളിലാണ് അഖിലേന്ത്യാ പൊതുപണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ അണിചേരുന്നത്.
ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറെക്കുറെ സ്തംഭിച്ച നിലയിലാവും എന്നാണ് കരുതുന്നത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ജീവനക്കാരുടെ സമരം സാരമായി തന്നെ ബാധിക്കും. മാസത്തെ നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും സ്വതവേ അവധിയായതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ ഭൂരിഭാഗവും നാല് ദിവസം അടഞ്ഞുകിടക്കും.
ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍
ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ പിന്‍വലിക്കുക
കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതെ തിരിച്ചുപിടിക്കുക
ബാങ്ക് നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തുക
അമിത സേവന നിരക്കുകള്‍ കുറയ്ക്കുക
നിശ്ചിതാനുകൂല്യ പെന്‍ഷന്‍ സാര്‍വ്വത്രികമാക്കുക
പുറംകരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക
ഒഴിവുള്ള തസ്തികകള്‍ നികത്തുക
ലേബര്‍ കോഡുകള്‍ റദ്ദാക്കുക, തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളും നിശ്ചിത വരുമാനവും നല്‍കുക, തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, അസംഘടിത മേഖലാ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നടപ്പാക്കുക, പൊതുമേഖലാ ഓഹരി വില്‍പന നയം പിന്‍വലിക്കുക, കൃഷി-വിദ്യാഭ്യാസം-ആരോഗ്യ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രിക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തുന്നത്.






Leave a Reply