April 24, 2024

ശബരിമല: ആദ്യ ബാച്ച് പോലീസ് സംഘം ചുമതലയേറ്റു; സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തി

0
Gridart 20221116 1647260582.jpg
ശബരിമല : മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. 
വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ ചുമതലയുള്ള എഡിജിപിയുമായ എം.ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ സന്നിഹിതനായിരുന്നു. 
ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിമാർക്ക് സുഗമമായ ദർശനവും തൃപ്തിയോടെ തൊഴുത് മടങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം.  
  
ശബരിമല സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പോലീസ് സേന സേവനം അനുഷ്ഠിക്കുക.
  
സന്നിധാനത്തും പരിസരത്തുമായി 1250 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്.  
കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, ടെലി കമ്യൂണിക്കേഷൻ വിഭാഗം, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. 
ഇതിനെല്ലാം പുറമേ സുരക്ഷാനിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പോലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്. കൂടാതെ നിലയ്ക്കൽ, പമ്പ മേഖലകളുടെ മേൽനോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിലയ്ക്കൽ മേഖലുടെ പ്രത്യേക ചുമതല എം. ഹേമലതയ്ക്കും പമ്പ മേഖലയുടെ ചുമതല എസ്. മധുസൂദനനുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *